Tuesday, 1 March 2011

From the Criminologist's Corner-38

From the Criminologist’s Corner-38

അളവ്-തൂക്ക വകുപ്പ്: കണ്ടവരുണ്ടോ?

കടയില്‍നിന്നും വാങ്ങുന്ന സാധനങ്ങളുടെ അളവ്,തൂക്കം,ഗുണമേന്മ, ഉപയോഗകാലാവതി-ഇവയെല്ലാം കൃത്യമായി എഴുതുകയും അവ ശരിയാംവിധംപാലിക്കുകയും ചെയ്യുന്നവരാണ് അമേരിക്കകാര്‍. ഉപഭോക്താക്കള്‍ അക്കാര്യങ്ങളെകുറിച്ച് ബോധവാന്മാരും ആണ്.അതിലുപരി, അക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ തലത്തില്‍ സുസൂഷ്മം വീക്ഷിക്കുന്നുമുണ്ട്. ഇല്ലെങ്കില്‍ കര്‍ശന നടപടിക്ക് വിധേയരാക്കുകയും ചെയ്യും.

അളവ്-തൂക്ക വെട്ടിപ്പില്‍ ആശാന്മാരാന് നമ്മുടെ ആള്‍ക്കാര്‍. പഴയ സാധനങ്ങളും പത്രവും വാങ്ങാന്‍ വരുന്ന ആക്രിക്കാരുടെ വെട്ടുത്രാസ്സ് വളരെ കുപ്രസിദ്ധമാണ്. വില താഴ്ത്തി തരുന്നതെല്ലാം വെട്ടിപ്പ് വസ്തുക്കള്‍ ആണെന്ന് കരുതുക. മീന്‍ ചന്തയിലാണെങ്കില്‍ ത്രാസിന്‍റെ ഒരു തട്ടിലെപ്പോഴും ഒരു കട്ടി വച്ചിരിക്കും. അതിലൂടെയാണ്‌ മീന്‍ ചന്തയില്‍ വെട്ടിപ്പ് നടത്തുന്നതെങ്കില്‍ പഴം,ആപ്പിള്‍,മുന്തിരിങ്ങ വില്‍പ്പനക്കാര്‍ കട്ടിയില്‍ ദ്വാരമുണ്ടാക്കി അതില്‍ മെഴുക് ഉഴിച്ച് തൂക്കം കുറക്കുന്നവരാണ്.പച്ചക്കറിക്കാരാവട്ടെ കട്ടിക്ക് പകരം ഉരുളന്‍കിഴങ്ങും സബോളയും വച്ച് തൂക്കിതതരുന്നൂ.

തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നവരില്‍ ഉസ്ത്താദന്മാരാണ് റേഷന്‍ കടക്കാര്‍. ഒരുകിലോ പഞ്ചസാര വാങ്ങുമ്പോള്‍ കിട്ടുന്നത് 900-950ഗ്രാം മാത്രം. കോഴി വാങ്ങാന്‍ കോള്‍ഡ്‌ സ്റ്റോറേജില്‍ പോയാല്‍ ഐസിനും കൊഴിവില കൊടുക്കണം. അളവ് പാത്രങ്ങളുടെ കാര്യം വളരെ കഴ്ടമാണ്. പാല്‍ വാങ്ങുബോള്‍ അറിയാം പാത്രങ്ങളുടെ വലുപ്പവ്യത്യാസം.പെട്രോള്‍ ആണെങ്കില്‍ തിരിമറി മെഷിനുള്ളില്‍ ആണെന്ന് മാത്രം. ഒഴിച്ച പെട്രോളിന്‍റെ അളവ് കണ്ടെത്താന്‍ മാര്‍ഗം ഇല്ലാത്തതിനാല്‍ എല്ലാം ശുഭം എന്ന് കരുതാം. എണ്ണയായായാലും വെണ്ണയായാലും മോരായാലും തൈര്ആയാലും അളവില്‍ വെട്ടിക്കുമെന്നതില്‍ തര്‍ക്കം വേണ്ട.

സ്വര്‍ണകടയിലോ? പണിക്കുറവ്-അതൊരു പ്രത്യേക കുറവാണ്‌. സ്വര്‍ണം തൂക്കുന്നത് കണ്ണാടി കൂട്ടില്‍ വച്ചിരിക്കുന്ന ത്രാസ്സില്‍! 3ഗ്രാം സ്വര്‍ണം വാങ്ങിയാല്‍ 2.7ഗ്രാം മാത്രമേ കിട്ടൂ. പണയം വയ്ക്കാന്‍ ബാങ്കില്‍ ചെന്ന്നോക്കുമ്പോള്‍ 2.50ഗ്രാം മാത്രമേ ഉണ്ടാകൂ. കെട്ടിടം പണിയാന്‍ കമ്പി വാങ്ങാന്‍ ചെന്നാലോ? അവിടേയും കമ്പി തൂക്കുമ്പോള്‍ വെട്ടിപ്പ് തീര്‍ച്ച.

കടയില്‍ നിന്നും വാങ്ങി കൊണ്ടുവരുന്ന സാധനങ്ങളുടെ കൃത്യമായ തൂക്കം/അളവ് ഞാന്‍ വീട്ടില്‍ വന്ന്‍ നോക്കാറുണ്ട്.ദോഷം പറയരുതല്ലോ. നാളിതുവരെ തൂക്കത്തില്‍ കൂടുതല്‍ കണ്ടീട്ടില്ല; എന്നാല്‍ കുറവ്‌ കണ്ടീട്ടുമുണ്ട്. തുണി വാങ്ങിയാലോ? നീളം –വീതിയില്‍ വെട്ടിപ്പ്. കൂടുതല്‍ തുണി എടുത്താല്‍? തയ്യല്‍ കടയില്‍ ചെന്ന് അളന്ന് നോക്കിയാല്‍ ഒരല്പം കുറവേ കാണാറുള്ളൂ. നൂല് വാങ്ങിയാല്‍ പോലും പറഞ്ഞ നീളം കിട്ടാറില്ല.

കെട്ടിടം വാങ്ങാന്‍ ചെന്നാല്‍ വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍! പണികൂലി കൊടുക്കനാണെങ്കില്‍ വിസ്തീര്‍ണ്ണത്തില്‍ കുറവ്‌. കുഴികുത്തിയാല്‍ താഴ്ച്ചയില്‍ വെട്ടിപ്പ്‌,കൂനയുണ്ടാക്കാന്‍ പറഞ്ഞാല്‍ അതിലും തട്ടിപ്പ്‌. ഒരു തൊട്ടി മണല്‍ വാങ്ങിയാല്‍ മുക്കാല്‍ തൊട്ടിയെ കിട്ടുകയുള്ളൂ; കൊടുക്കാനാണെങ്കില്‍ ഒന്നേകാല്‍ തൊട്ടി കൊണ്ടുപോയിരിക്കും. കെട്ടിടനിര്‍മാണ മേഖലയിലാണ്‌ ഏറ്റവും അധികം വെട്ടിപ്പ് നടത്തുന്നത്. മണല്‍ ലോറികളിലെ മണല്‍ അളന്നാല്‍ മതി കാര്യങ്ങള്‍ മതിവരോളം മനസ്സിലാക്കാന്‍. ഒരാളെ മുളകുവെള്ളത്തില്‍ മുക്കിപ്പിടിച്ച് അയ്യാളില്‍ നിന്നും പണം ഊറ്റിഎടുക്കുമ്പോഴും തൂക്കത്തില്‍,അളവില്‍,എണ്ണത്തില്‍ വെട്ടിക്കുന്നു.മാര്‍ബിള്‍ കടയില്‍ ആയാലും മറ്റേത്‌കടയില്‍ ആയാലും അളവ്-തൂക്കത്തില്‍ വെട്ടിപ്പ് ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

തീവണ്ടിയില്‍ തരുന്ന ചായയിലും വെട്ടിപ്പ്, ചായക്കടയിലെ വടയിലും വെട്ടിപ്പ്,തട്ടുകടയിലെ ദോശയിലും വെട്ടിപ്പ്‌. എന്തിന്? ഉന്തുവണ്ടിയില്‍ കൊണ്ടുനടക്കുന്ന ചുടുകടലപോതിയിലും തട്ടിപ്പ്‌. വൈദുതി അളക്കാന്‍ വച്ചിരിക്കുന്ന മീറ്ററില്‍ തിരിമറി നടത്തിയുള്ള വെട്ടിപ്പ്‌. ഭക്ഷണം പാകം ചെയ്യാന്‍ തരുന്ന ഗ്യാസ് സിലിണ്ടറിലും തട്ടിപ്പ്‌ .ഓട്ടോറിക്ഷയുടെ മീറ്ററില്‍വെട്ടിപ്പ്‌ .ബേക്കറിയില്‍ നിന്നും വാങ്ങുന്ന തീറ്റസാധനങ്ങളില്‍ തട്ടിപ്പ്‌.... അങ്ങനെ, അങ്ങനെ പോകുന്നൂ അളവ്-തൂക്ക വെട്ടിപ്പ് പുരാണം.

ലീഗല്‍ മെട്രോളൊജി എന്നൊരു “വായിക്കാന്‍ വിഷമിക്കുന്ന” വാക്കില്‍ ഉച്ചരിക്കുന്ന ഒരു വകുപ്പുണ്ട്. അവരെ ത്രിക്കണിക്ക് പോലും കാണാന്‍ കിട്ടില്ല. അവര്‍ തന്നെയാണോ ഈ അളവ്-തൂക്ക നിയന്ട്രണ വകുപ്പ്‌? അതും ആര്‍ക്കും അറിയില്ല. എന്തായാലും ടെലിവിഷനില്‍ അക്കൂട്ടരുടെ പരസ്യങ്ങള്‍ വല്ലപ്പോഴും കാണാറുണ്ട്. പത്രങ്ങളിലും കാണാറുണ്ട്‌. പക്ഷെ,ആ മഹത് വ്യക്തികളെ –വ്യക്തിത്വങ്ങളെ മാത്രം കണ്ടീട്ടില്ല. അവരെ കണ്ടവരുണ്ടോ?-എന്നൊരു പരസ്യം കൊടുത്താലോ?

No comments :

Post a Comment