Thursday, 10 March 2011

From the Criminologist's Corner-49

From the Criminologist’s Corner-49

കോടതികള്‍ കേടായാല്‍

അമേരിക്കന്‍ കോടതികളില്‍ നിന്നും പുറത്ത്‌ വരുന്ന വിധികള്‍ വായിച്ചാല്‍ അവയിലെ മൂല്യബോധം –നിയമ വ്യാഖ്യാനം- നീതിന്യായചര്‍ച്ചയൊക്കെ ആരിലും പ്രശംസ ഉണര്‍ത്തും. അവയെക്കാള്‍ ഗംഭീരമാണ് ഇന്ത്യന്‍ കോടതി വിധികള്‍. വായിക്കുംതോറും ഗുണമേന്മയെക്കുറിച്ച് പ്രശംസ കൂടികൂടി വരുന്നവയാണവ.അങ്ങനെ ഒപ്പത്തിനൊപ്പം- ഒന്നിന് മെച്ചമായി മറ്റൊന്ന്- എന്ന കണക്കേയാണല്ലോ എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് നമ്മുടെ കോടതികളെ കുറിച്ചും ജഡ്ജിമാരെക്കുറിച്ചും ആക്ഷേപങ്ങള്‍ കേള്‍ക്കെണ്ടിവന്നത്.

ഒരു ബാര്‍ ലൈസന്‍സ് കൊടുക്കുന്നതിനോട്‌ അനുബന്ധിച്ച് ലക്ഷക്കണക്കിന് രൂപ അഴിമതിയായി അത്യുന്നത കോടതിയിലെ ഒരു ജഡ്ജിക്ക് കൊടുക്കുന്നത് നേരില്‍ കണ്ട ‘ദ്രക്സാക്ഷി’യാണ് താനെന്ന് നിലവിലുള്ള ഒരു ഇന്ത്യന്‍ ലോകസഭാംഗം പരസ്യമായി ഒരു വേദിയില്‍ പ്രസംഗിക്കുന്നത് ടെലിവിഷനില്‍ കാണാന്‍ ഇടവന്നു. അപ്പോള്‍ എന്‍റെ കണ്ണ് തള്ളിപ്പോയി. കാരണം? മനസ്സില്‍ ദിവ്യമായി പൂജിക്കുന്ന ബിംബങ്ങള്‍ താഴെ വീണ് ഉടഞ്ഞുപോകുന്നല്ലോയെന്ന ഒരു തോന്നല്‍! കുറച്ച് ദിവസ്സം മുന്‍പാണ് മറ്റൊരു കേസ്സില്‍- അതും ലൈംഗീക അപവാദം- വിധി എഴുതികൊടുത്ത് ജഡ്‌ജിയെ കൊണ്ട് ഒപ്പിടീച്ച് വാങ്ങുകയാണ് ചെയ്തത് എന്ന കാര്യം മാധ്യമങ്ങളില്‍ കണ്ടത്. സംസ്ഥാനത്തെ രണ്ട് ജഡ്ജിമാരുടെ പേരെടുത്ത് പറഞ്ഞ് ആക്ഷേപം ഉന്നയിച്ചതിന് അവര്‍ക്കെതിരെ അന്വേഷണം വേണമെന്നും കേസ്‌ എടുക്കണമെന്നും പല കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉണര്‍ന്നു. തീര്നില്ല. പരമോന്നത കോടതിയില്‍ മുഖ്യന്യായാധിപനായ ഒരു മാന്യദേഹത്തിന്‍റെ മക്കളും മരുമക്കളും അനധികൃതമായ വിധത്തില്‍ പണം സമ്പാദിച്ചുവെന്ന കാരണത്താല്‍ കേസ്‌ എടുത്ത്‌ അന്വേഷണം നടന്ന് വരുകയാണ്. അതോടൊപ്പം, ആദായ നികുതി വകുപ്പ്‌, ആക്ഷേപം ഒരു പരിധി വരെ ശരിയാണെന്നു അന്യേഷണത്തില്‍ തെളിഞ്ഞുവെന്നും പറയുകയുണ്ടായി. ഇന്ത്യയാകെയുള്ള വക്കീലന്മാരും മറ്റുള്ളവരും ശക്തമായി പ്രതികരിച്ച ഒന്നാണത്. പെന്‍ഷന്‍ പറ്റിയ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെ പലരും ജുഡീഷറിക്കെതിരെ അന്വേഷണം നടത്തണമെന്നും ജുഡീഷ്യറിയെ അഴിമതി വിമുക്തമാക്കണമെന്നും വാദിക്കുന്നു. ഏറ്റവും അവസാനമായി ഒരു ജഡ്ജി ഒരു സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കോടതികളിലെ കോഴപ്പണസ്വാധീനം തുറന്ന് സമ്മതിക്കുകയുണ്ടായി. കോടതി അലക്ഷ്യ നിയമം ദുരുപയോഗിച്ച്/ഉപയോഗിച്ച് വിമര്‍ശകരുടെ വായ്‌ അടക്കുമോ എന്ന ഭയത്താല്‍ പലരും പല്ലുരുമി-നാവടക്കി കഴിയുകയാണെന്നും പറയുകയുണ്ടായി.. അങ്ങനെയുള്ള ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളുടെ ഗുണമേന്മയെകുറിച്ച് അധികം പുകഴ്ത്തിയിട്ട് കാര്യമില്ല. ഈ നാട്ടിലെ ജനങ്ങളെ വിധിന്യായങ്ങള്‍ വിഡ്ഡികളാക്കിയെന്നും അവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ആക്ഷേപിക്കുന്നവര്‍ ധാരാളം. ഇവയെല്ലാം കേള്‍ക്കുന്ന പൊതുജനങ്ങള്‍ക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന ഒരു അവസ്ഥാവിശേഷം ഉണ്ടായിരിക്കുന്നു. അത്യന്തം ആപല്‍ക്കരമായൊരു വന്‍ വിപത്താണത്.

കേരള സംസ്ഥാനത്തിലെ ഒരു മുന്‍മന്ത്രിയെ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ച സുപ്രീംകോടതി വിധിയെ ജനമധ്യത്തില്‍ വിചാരണ ചെയ്യുകയാണ് ഇപ്പോള്‍. ‘അള മുട്ടിയാല്‍ ഏതു ചേരയും കടിക്കും’- എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് .അങ്ങനെ നോക്കുമ്പോള്‍ നീതി തേടി കോടതിയെ സമീപിക്കുന്നവര്‍ക്ക്‌ ലഭിക്കുന്നത് നീതിയോ?-അനീതിയോ? ഇവയെ നമുക്ക് ജുഡീഷ്യല്‍ ക്രൈംസ് അഥവാ നീതിന്യായ കുറ്റകൃത്യങ്ങള്‍ എന്ന് വിളിക്കാന്‍ ആകുമോ? വിളിക്കാം അല്ലെ?

No comments :

Post a Comment