Thursday, 24 March 2011

From the Criminologist's Corner-61

From the Criminologist’s Corner-61

ജുഡീഷ്യറിയെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍

“ജുഡീഷ്യറിയില്‍ വിശ്വാസം ഉണ്ട് -“ഒരു മന്ത്രി അങ്ങനെ പറയുന്നു. അത് കേട്ടാല്‍ തോന്നും വിശ്വാസം നഷ്ടപെട്ടുപോയ ജനാധിപത്യ വ്യവസ്ഥയിലെ ഒരു സ്ഥാപനമാണ് ജുഡീഷ്യറി എന്ന്.

“ജുഡിഷ്യറിയുടെ ഉന്നത മുല്യം കാത്ത്സൂക്ഷിച്ച്”-ഒരു വിധി വന്ന ഉടനെ മറ്റൊരു മന്ത്രി പ്രതികരിച്ചത് അങ്ങനെയായിരുന്നു.’ഉന്നത മൂല്യങ്ങള്‍’ കാത്ത്‌ സൂക്ഷിക്കുകയല്ലേ ജുഡിഷ്യറിയുടെ ഉത്തരവാദിത്വം? അത് കേട്ടാല്‍ തോന്നും മറ്റ് കോടതിവിധികള്‍ എല്ലാം ജുഡിഷ്യറിയുടെ ഉന്നത മൂല്യങ്ങള്‍ കാത്ത്‌ സൂക്ഷിക്കുന്നവ അല്ലാ എന്ന്.

“ജുഡീഷ്യറിയില്‍ നിന്നും നീതി ലഭിച്ചു”- മൂന്നാമതൊരു മന്ത്രി അങ്ങനേയും പ്രതികരിക്കുന്നു.കുറ്റവിമുക്തനായശേഷം അദ്വേഹം പറഞ്ഞത്‌ അങ്ങനെ.അതിന് മുന്‍പൊരിക്കല്‍ അദ്വേഹം പറഞ്ഞത്‌ അങ്ങനെ അല്ലായിരുന്നു.എന്തെങ്കിലും ആകട്ടെ. ഈ പറയുന്നതോക്കയും കേട്ടാല്‍ തോന്നും ജനാധിപത്യത്തിലെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും കിട്ടുന്നതെല്ലാം അനീതിയാണെന്ന്.”ജുഡിഷ്യറിയില്‍ നിന്നും നീതി ലഭിച്ചു “ എന്ന് പറയുമ്പോള്‍ ജുഡിഷ്യറിയില്‍ നിന്നും നമുക്ക്‌ കിട്ടുന്നത് നീതിതന്നെയല്ലേ?

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ജുഡീഷ്യറിയെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അവ പൊതുജനങ്ങളില്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമല്ലേ ചെയ്യുന്നത്‌ എന്നൊരു തോന്നല്‍. അവര്‍ അങ്ങനെയൊക്കെ നല്ല അഭിപ്രായങ്ങള്‍ പറയുന്നതിനിടയിലും ജുഡിഷ്യറിയെക്കുറിച്ച് വളരെ മോശമായ തരത്തില്‍ പലപ്പോഴും അവര്‍ തന്നെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.ചിലര്‍ കോടതി അലക്ഷ്യത്തിന് കേസ്‌ അഭിമുഖീകരിക്കുന്നുമുണ്ട്. തങ്ങള്‍ക്ക് അനുകൂലമായ വിധിന്യായങ്ങള്‍ വരുമ്പോള്‍ ‘നല്ലത്’- അല്ലെങ്കില്‍ മോശം! എന്ന രീതിയില്‍ സംസാരിക്കുന്നത് ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കാന്‍ സഹായിക്കുന്നു.അതിനിടയില്‍ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന-പ്രവര്‍ത്തിച്ചിരുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അഴിമതിക്കും-സ്വാധീനങ്ങള്‍ക്കും-താല്‍പ്പര്യങ്ങള്‍ക്കും-മുന്‍വിധികള്‍ക്കുംഅടിമപ്പട്ടു-അടിമപ്പെടുന്നുവെന്ന കാര്യവും ചര്‍ച്ചാവിഷയം ആകുന്നു. നയപ്രഖ്യാപനങ്ങളില്‍ വരെ ജുഡിഷ്യരിയിലെ അഴിമതി തുടച്ച്നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഊന്നിപ്പറയുന്നു. വക്കീലന്മാര്‍,പെന്‍ഷന്‍ പറ്റിയ ജഡ്‌ജിമാര്‍,രാഷ്ട്രീയ നേതാക്കള്‍,മന്ത്രിമാര്‍,ശിക്ഷ കഴിഞ്ഞ് വെളിയില്‍ വന്നിരിക്കുന്ന മാന്യവ്യക്തികള്‍-അവരെല്ലാം നമ്മുടെ ജുഡിഷ്യറിയെക്കുറിച്ച് പലതും തുറന്ന് പറയുന്നു. ഫലമോ? ബിംബവല്‍ക്കരിക്കപെട്ട വ്യക്തികളും സ്ഥാപനങ്ങളും താഴെവീണ് ഉടഞ്ഞുപോകുന്നു!

ജുഡിഷ്യറിയില്‍ നടക്കുന്ന പലതും സുതാര്യമല്ല.കോടതിനടപടികള്‍ ഒന്നും മാധ്യമങ്ങളില്‍ കാണിക്കാറില്ല. നിയമനിര്‍മാണ സഭയില്‍ നടക്കുന്നതെല്ലാം ജനങ്ങളെ ടെലിവിഷനിലൂടെ കാണിക്കുമ്പോള്‍ കോടതിക്കാര്യങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും വെളിയില്‍ പറയുന്നതേ സാധാരണക്കാര്‍ അറിയുന്നുള്ളു.അതിനിടയില്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്തു-മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നൊക്കെ ജഡ്‌ജിമാര്‍ ഉള്‍പെടെ പലരും പുറത്ത്‌ പറയുന്നു. അവയും ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നു.കോടതി വളപ്പിലേക്ക് പോകുന്ന ജാഥകള്‍-കോടതി ഗേറ്റിനു മുന്‍പിലുള്ള സമരങ്ങള്‍-കോടതികള്‍ക്ക്‌ എതിരെയുള്ള മുദ്രാവാക്യവിളികള്‍-ജഡ്‌ജിമാരെ വിചാരണ ചെയ്ത് വെളിയില്‍ ആക്കല്‍-അവരുടെ കോലം കത്തിക്കല്‍-ജഡ്‌ജിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിശിത വിമര്‍ശനങ്ങള്‍-പലതിലുമുള്ള സുതാര്യത ഇല്ലായ്മ-എല്ലാംകൂടിവരുമ്പോള്‍ “ഒരു നിശ്ച്ചയമില്ലയൊന്നിലും” എന്ന മാനസ്സീകാവസ്ഥയാണ് ഉണ്ടാവുക. അതിനിടയിലാണ് മന്ത്രിമാരുടെ ചില അഭിപ്രായപ്രകടങ്ങളുംമറ്റും കേള്‍ക്കുന്നത്. അങ്ങനെ വെളുക്കാന്‍ തേക്കുന്നത് പാണ്ടായി മാറുന്ന ഒരു സ്ഥിതിവിശേഷം!

No comments :

Post a Comment