Monday, 28 March 2011

From the Criminologist's Corner-66

From the Criminologist’s Corner-66

അര്‍ക്കന്‍സായിലെ ഗോള്‍ഫ്‌ കളിക്കാര്‍-നമ്മുടെ നാട്ടിലെ സ്റ്റാറ്റസുള്ള വെട്ടിപ്പുകാര്‍

ഗോള്‍ഫ്‌ കളിക്ക് വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സ്ഥലമാണ് നോര്‍ത്ത്‌-വെസ്റ്റ്‌ അര്‍ക്കന്‍സാ എന്ന് തോന്നുന്നു. ആ കളി പഠിപ്പിക്കുന്ന പ്രത്യേക പഠിപ്പിക്കല്‍ കേന്ദ്രങ്ങളുണ്ടിവിടെ. പരസ്യങ്ങളും കാണാറുണ്ട്‌; കേള്‍ക്കാറുണ്ട്. ചെറുപ്പക്കാര്‍ മുതല്‍ വ്ര്യദ്ധജനങ്ങള്‍ വരെ ഗോള്‍ഫ്‌ കളിക്കുന്നു.അതിനുള്ള ഒരുതരം ചെറുവാഹനങ്ങളും ഇവിടെ ഉണ്ട്.നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷ പോലെ,മൂന്ന് ചക്രത്തിന് പകരം നാല് ചക്രം എന്ന വ്യത്യാസം മാത്രം .ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നു. ആ വാഹനത്തില്‍ ഗോള്‍ഫ്‌ കളിക്കാനുള്ള ബോളും ‘കോലുകളുമായി’ അവര്‍ പോകുന്നത് തന്നെ കാണാന്‍ ബഹു രസ്സമാണ്.ഓ!സ്റ്റാറ്റസ് ഉള്ള കളി തന്നെ! ഗോള്‍ഫ്‌ കളിയെക്കുറിച്ച് കാര്യമായ അറിവൊന്നും എനിക്കില്ല.ഞാന്‍ തിരുവനന്തപുരത്ത് താമസിക്കുന്നത് അവിടത്തെ ഗോള്‍ഫ്‌ ക്ലെബ്ബിന് പുറകിലാണെങ്കിലും എനിക്കതില്‍ വലിയ താല്‍പ്പര്യം ഇല്ലെന്നതാണ് സത്യം. അതവിടെ ഇരിക്കട്ടെ. ആ കളിക്ക് ആളുകള്‍ പോകുന്നത് കാണുമ്പോള്‍- അവരുടെ സ്റ്റാറ്റസ് വളരെ കൂടുതല്‍ ആണെന്ന് അറിയുമ്പോള്‍- അതൊന്ന് പഠിക്കാം എന്നെനിക്ക് തോന്നിയിട്ടുമില്ല.

നമ്മുടെ നാട്ടില്‍ സ്വര്‍ണക്കട-ജുവല്ലറി- നടത്തുക എന്നത് സ്റ്റാറ്റസ് ഉള്ള കാര്യമാണ്. സാധാരണക്കാരെകൊണ്ട്‌ സാധിക്കുകയും ഇല്ല. പക്ഷെ ഈ സ്വര്‍ണ സ്റ്റാറ്റസ് വീരന്മാര്‍ക്ക് സാധാരണക്കാരെ പറ്റിച്ച് പണക്കാരാവാന്‍ പറ്റും. ഒരു സ്ത്രീയുടെ പിന്നാലെ പലവിധ വാഗ്ദാനങ്ങളുമായി ഓടിച്ചെല്ലുന്ന കുറെ സ്വര്‍ണക്കടക്കാരുടെ ഒരു പരസ്യം പലപ്പോഴും നാം ടെലിവിഷനില്‍ കാണാറുണ്ട്. സ്വര്‍ണവ്യാപാരത്തെക്കുറിച്ചും വ്യാപാരതട്ടിപ്പുകളെ കുറിച്ചും അറിവില്ലാത്തവരെ പറ്റിച്ച്-വെട്ടിച്ച് പണം ഉണ്ടാക്കുക. അതാണ്‌ അവരുടെ കളി! അങ്ങനെ കളിക്കുന്നവരുടെ സ്റ്റാറ്റസ്? അത് പറ്റിപ്പ്-വെട്ടിപ്പ് നടത്തുന്നവരുടെതല്ല. വന്‍ സ്വര്‍ണവ്യാപാരികളുടേതാണ്. അതുകൊണ്ട് അവര്‍ കൂടുതല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ വിദേശത്തുപോലും തുടങ്ങുന്നു. എല്ലായിടത്തും ‘ഡയമണ്ടിന് പ്രത്യേക വിഭാഗം! കാരണം? അവിടത്തെ തട്ടിപ്പ്-വെട്ടിപ്പ് വേറെ തരത്തില്‍ ആണ്.

വാഹനാപകടങ്ങള്‍ നമ്മുടെ നാട്ടില്‍ ദിനംപ്രതി പെരുകി-പെരുകി വരുകയാണ്.ശവപ്പെട്ടികള്‍ ഉണ്ടാക്കി അവ വില്‍ക്കാന്‍ രാത്രിയില്‍ ഉറക്കമിളച്ചിരിക്കുന്നവരേപോലെ ചില വക്കീലന്മാര്‍ വക്കാലത്ത്‌നാമയുമായി ചുറ്റിനടക്കുന്നു. ശതമാനം വച്ചുള്ള “തട്ടിപ്പ്‌” ആയതിനാല്‍ അതിന്‍റെ വ്യാപ്തി പകര്‍ക്കും അറിയില്ല. അതാണ്‌ കളി! കളിക്കുന്നതോ? സ്റ്റാറ്റസ് ഉള്ള അഭിഭാഷകരും.!

സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ നാടാണ് കേരളം. ഉപ്പുകുറ്റി മുതല്‍ നെറുകംതല വരെയുള്ള ശരീര ഭാഗങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ഉണ്ട് പലയിടത്തും. “ഞങ്ങളുണ്ട്’ എന്ന പരസ്യം ഓര്‍ക്കുമല്ലോ! അവരുടെ ലാബും ,സ്കാനും, പരിചരണവും, പരിശോധനയും-ഈശ്വരാ,അതിലല്ലേ കളി! ആ കളിക്കുമുണ്ട് സ്റ്റാറ്റസ്-വെള്ള പോളിസ്റെര്‍ ഷര്‍ട്ടിന്‍റെ-സ്കെതസ്കൊപ്പിന്‍റെ!

ഇന്‍ഷുറന്‍സ്‌ സ്റ്റാറ്റസ്! എന്തും ഇന്‍ഷൂര്‍ ചെയ്യാം;എങ്ങനേയും ചെയ്യാം!പക്ഷെ,ക്ലെയും ആയി വരരുതെന്ന് മാത്രം! വേണമെങ്കില്‍ ലോണ്‍ തരും. പക്ഷെ,പലിശ അല്പം കൂടുതല്‍ ആണെന്ന് മാത്രം! ക്രെഡിറ്റ്‌ കാര്‍ഡ്‌ തരുന്ന ബാങ്കുകള്‍ ബ്ലയ്ഡ് പലിശ വാങ്ങുന്നുവെങ്കില്‍,ഇവര്‍ക്ക് ‘മീറ്റര്‍’ പലിശ-അതും ഇലക്ട്രോണിക്-പലിശയാണെന്ന് മാത്രം. ആ കളിയും കളി തന്നെ!പക്ഷെ,കളിച്ചാലേ അത് മനസ്സിലാവൂ!

ധ്യാനകേന്ദ്രങ്ങള്‍! അവിടത്തെ കളിയാണ് കളി! സ്തോത്രകാഴ്ച്ച മാത്രമല്ല, കൌണ്‍സെലിംഗ്, കൂട്ടപ്രാര്‍ത്ഥന,ഉപവാസപ്രാര്‍ത്ഥന,ആരാധന, ഗാനശുശ്രൂഷയെന്ന് വേണ്ട, മനുഷ്യനെ ആത്മീയമായി വായുവില്‍ പറത്തുന്ന കളി! ആള്‍ ദൈവങ്ങള്‍ക്കും മന്ത്രവാദത്തിനും ചാത്തന്‍സേവക്കും ഉള്ള ശക്തി! അതൊക്കെ ജോല്‍സ്സ്യന്മാരോട് ചോദിച്ചാല്‍ അറിയാം. ഈ ആത്മീയ ഗുരുക്കളും,മന്ത്രവാദികളും ജോല്‍സ്സ്യന്മാരും കളിക്കാര്‍ തന്നെ! അവരുടെ വാഹനങ്ങള്‍ ആര്‍ക്കസായിലെ ഗോള്‍ഫ്‌ കളിക്കാരുടെ വാഹനങ്ങളേക്കാള്‍ ആകര്‍ഷകം!

വിദ്യാഭ്യാസ മേഖലയിലാണ് ശരിക്കും ഉള്ള കളി! അവിടത്തെ കളിയില്‍ വിജയിച്ചാല്‍ തൊഴില്‍ മേഖലയില്‍ കളിക്കാം.തൊഴില്‍ മേഖലയില്‍ വിജയിച്ചാല്‍ വിവാഹ മേഘലയില്‍ കളിക്കാം. വിവാഹ മേഖലയില്‍ നിന്നും തുടങ്ങിയാല്‍ കളി വ്യദ്ധസദനത്തിലേക്ക് എത്തിക്കാം. രാഷ്ട്രീയത്തിലെ കളി വേറെ! രാഷ്ട്രീയക്കാരുടെ കളികളും വേറെ! അങ്ങനെ, എല്ലാവരും കളിക്കുന്നു-ഇപ്പോഴും കളിക്കുന്നു-എല്ലാവര്ക്കും നല്ല സ്റ്റാറ്റസ്! അവരുടെ കളികള്‍ക്കും സ്റ്റാറ്റസ് ഉണ്ട്-അര്‍ക്കന്‍സായിലെ ഗോള്‍ഫ്‌ കളി പോലെ!

No comments :

Post a Comment