From the Criminologist’s Corner-42
Account Criminal Justice
മനുഷ്യരെ ബുദ്ധിമുട്ടിപ്പിക്കുന്നതില്‍ ഒരു ന്യായം വേണം.
ഇന്ന് ഏകദേശം രണ്ട് അടിയോളം ഐസ് ഉണ്ട്. ഇന്നലെ രാത്രി തുടങ്ങിയ മഞ്ഞുമഴ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ശമിച്ചു.കാറുകളുടെ ഏതാണ്ട് പകുതിയോളം ഐസില്‍ പൊതിഞ്ഞിരിക്കുന്നു.അന്തരീക്ഷ താപം -17ഡിഗ്രി സെല്‍ഷസ്. ശക്തമായ മഞ്ഞ് പെയ്യുമെന്ന് നേരത്തെ മുന്നരിയിപ്പുണ്ടായിരുന്നു. ആവശ്യമെങ്കില്‍ റോഡുകള്‍ അടച്ചിടുമെന്നും വാഹനഗതാഗതം നിറുത്തിവക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നും പറഞ്ഞിരുന്നു. രാവിലെ എട്ടുമണിയോടെ ഒരു മൊബൈല്‍ ഫോണ്‍ അലെര്‍ട്ട് വന്നു. റോഡുകള്‍ അടച്ചുവേന്നായിരുന്നു ആ അലെര്‍ട്ട്. ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയും റോഡ് ബ്ലോക്ക് ആണെന്ന വാര്‍ത്ത പ്രക്ഷേപണം ചെയ്തു. നമ്മുടെ നാട്ടിലെ കാലാവസ്ഥ പ്രവചന വകുപ്പ് കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നത് പോലെ റോഡ് അടക്കുകയാണെങ്കില്‍ അതിനെകുറിച്ചുള്ള മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്കായി തരുന്നുവെന്നര്‍ത്ഥം.
നമ്മുടെ നാട്ടിലും റോഡുകള്‍ അടക്കാറുണ്ട്. അത് പ്രകൃതിയില്‍ നിന്നുള്ള പ്രശ്നങ്ങള്‍ കൊണ്ടല്ല. കാലാവസ്തയിലുള്ള തകരാറുകൊണ്ടുമല്ല. ഒരുകൂട്ടം താല്‍പ്പരകക്ഷികളുടെ സ്വാര്‍ത്ഥതാല്‍പ്പര്യം മാത്രം കാരണമാകുന്നു. രാഷ്ട്രീയജാഥകള്‍, സമ്മേളനങ്ങള്‍,മതപരമായ ചടങ്ങുകള്‍ നടക്കുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ച് വിടുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇപ്പോള്‍ കൊടുക്കാറുണ്ട്. നല്ലകാര്യം തന്നെ. എന്നാല്‍ യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ റോഡ് ബ്ലോക്ക് ചെയ്യുന്ന രീതിയും നിലനില്‍ക്കുന്നു. നിരുല്‍സാഹപ്പെടുത്തേണ്ട അടിയന്തിരസ്വഭാവമുള്ള ഒരു സാമൂഹ്യദ്രോഹമാണത്. അത്യാസന്നനിലയില്‍ കിടക്കുന്ന രോഗികളെ എത്തിക്കാനുള്ളവര്‍ക്ക്, വിമാനം/തീവണ്ടികളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക്, ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടവര്‍ക്ക് ഇത്തരത്തില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ ഉണ്ടാക്കുന്ന വിഷമങ്ങള്‍ വളരെയധികമാണ്. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വികസിത രാജ്യങ്ങളില്‍ എയര്‍ ആംബുലന്‍സ് ഉണ്ട്. എന്നാല്‍ നമുക്കതോന്നും ഇല്ലല്ലോ.
കേരളത്തിന് വെളിയിലൊരു സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിക്ക് പോകാനായി ഏതാണ്ട് ഒരു മണിക്കൂറോളം റോഡ് ബ്ലോക്ക് ചെയ്തതിനാല്‍ ഒരിക്കല്‍ വളരെയേറെ ബുദ്ധിമുട്ടേണ്ടിവന്ന ഒരാളാണ് ഞാന്‍. നമ്മുടെ നാട്ടിലും ചില വി.വി.ഐ.പി/വി.ഐ.പി.കള്‍ക്ക് പോകാനായി റോഡുകള്‍ അടച്ചിടുന്നു. ആ മാന്യഅദ്ദേഹം പോയികഴിഞാലെ രോഗികള്‍ ആശുപത്രിയില്‍ എത്തിയാല്‍ മതി; വിമാനത്തില്‍ യാത്ര ചെയ്താല്‍ മതി എന്നൊക്കെ പറഞ്ഞാല്‍? ഇതൊക്കെ ഒരു ജനാധിപത്യ രാജ്യത്ത് നടക്കുന്നതാണ് ഏറെ കഷ്ടം! ആരൊക്കെയാണ് വി.ഐ.പി.കള്‍ എന്നുപോലും പറയാന്‍ പറ്റുന്നില്ലെന്നോര്‍ക്കണം.
കേരളത്തില്‍ റോഡുകള്‍ ആവശ്യത്തിനില്ല. പ്രധാനറോഡ് അടച്ചിട്ട് വാഹനങ്ങള്‍ തിരിച്ച് വിട്ടാല്‍ അവ പോകേണ്ടത് ചില ഊടുവഴികളിലൂടെയാണ്.ഒരാള്‍ക്ക് നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാത്ത അത്തരം റോഡുകളിലൂടെ യാത്രചെയ്ത് ഉദ്യേശസ്ഥലത്ത് എത്തിച്ചേരാന്‍ പല മണിക്കൂറുകള്‍ വേണ്ടിവന്നേക്കും. ആ കഷ്ടപാടുകള്‍ സഹിക്കുന്നവരുടെ ശാപവാക്കുകള്‍ക്ക് കൈയും കണക്കും ഇല്ല. ഞാന്‍ പലപ്പോഴും അതൊക്കെ കാണുകയും കേള്‍ക്കുകയും ചെയതീട്ടുണ്ട്.പക്ഷെ, അതൊക്കെ വേറെ ആര് കേള്‍ക്കാന്‍? ആര്‍ക്ക് കാണണം? രാഷ്ട്രീയക്കാര്‍,വി.ഐ.പി.കള്‍, സമരക്കാര്‍,മതനേതാക്കള്‍,റോഡ് ഉപരോധിക്കുന്നവര്‍- ഇവരെല്ലാം കൂടി മനുഷ്യര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ പരാതി പെടാന്‍ പോലും കഴിയാത്ത ഒരുകൂട്ടം പച്ചമനുഷ്യര്‍ കഴിയുന്ന ദൈവത്തിന്‍റെ സ്വന്തം നാട്!
റോഡ് അടച്ചിടും എന്ന കാര്യം മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുവാനുള്ള സന്മനസ്സ് അധികാരികള്‍ കാണിച്ചിരുന്നെങ്കില്‍!- അതോടൊപ്പം തോന്ന്യാസം കണക്കെ തോന്നിയപോലെ റോഡ് ഉപരോധിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമായി എടുത്തിരുന്നെങ്കില്‍! -എല്ലാം വോട്ട്-ബാങ്ക് അല്ലെന്ന് കരുതിയിരുന്നെന്കില്‍!-ഈ വി.ഐ.പി.കള്‍ മനുഷ്യരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍! വെറുതെ മോഹിക്കുന്നു എന്ന് മാത്രം!
No comments :
Post a Comment