From the Criminologist’s Corner-62
Account Criminal Justice
അര്‍ക്കന്‍സായിലെ കാലാവസ്ഥാ വ്യതിയാനം പോലെ....
നാലഞ്ചുദിവസം മുന്‍പ് ശക്തമായ മഞ്ഞുവീഴ്ച-രണ്ടു ദിവസ്സം മുന്‍പ് നല്ല വെയില്‍-ഇന്നലെ വെയിലേയില്ല,പക്ഷെ അതിശൈത്യമുള്ള തണുത്ത കാറ്റ്-ഇന്ന് നല്ല മഴ-നാളെ എങ്ങനെയാകുമോ ആവോ? ഇങ്ങനേയും ഉണ്ടോ കാലാവസ്ഥ വ്യതിയാനം എന്നോര്‍ത്ത് പോയി. പ്രകൃതിയുടെ ഓരോ വികൃതികള്‍! അതുപോലെയാണോ മനുഷ്യരും അവരുടെ ചെയ്തികളും?കാരണം?
രണ്ടു മന്ത്രിമാര്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കൈയക്ഷരത്തില്‍ എഴുതിയ പരാതിയില്‍ വിരലടയാളം പതിപ്പിച്ച ശേഷം ഒരു പെണ്‍കുട്ടി ഏതോ ഒരു വനിതാപ്രശ്നപരിഹാര സംഘടനക്ക് അയച്ചുകൊടുക്കുന്നു.അതിനെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ആ പെണ്‍കുട്ടി പരാതി പിന്‍വലിക്കുന്നു. മൊഴിമാറ്റം സ്ഥിരം തൊഴിലാക്കിയവരേയും കാണാം. ലോ കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നുവന്നൊരു പരാതി വനിതാ കമ്മീഷന് കിട്ടുന്നു. അതില്‍ ഒരു മന്ത്രിയുടെ പുത്രനും ഉണ്ടെന്ന് എഴുതിയിരിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. പിന്നീട് ആ പരാതി പിന്‍വലിക്കുന്നു.നിയമ സഭയില്‍ പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോള്‍ കാര്യം ചൂടാകുന്നു. ഉടനെ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുന്നു. നാളെ എന്തുണ്ടാകുമെന്നറിയില്ല.
ഇന്ന് ജുഡീഷ്യറിയെ വാനോളം പുകഴ്ത്ത്തുന്നവര്‍ നാളെ അവരുടെ അതേ നാവ് കൊണ്ട് ജുഡീഷ്യറിയെ പാതാളത്തോളം താഴ്ത്തി പറഞ്ഞെന്നിരിക്കും.അതിനിടയില്‍ രണ്ടുമല്ലാത്ത തരത്തിലും അഭിപ്രായങ്ങള്‍ വന്നെന്നും ഇരിക്കും. ഇന്നലെവരെ കേഡിയും ആഭാസ്സനുമായിരുന്ന ഒരാള്‍ പെട്ടെന്ന് സന്യാസിയായി രുദ്രാക്ഷമാല കൈയ്യില്‍പിടിച്ച് വരുന്നതും കാണാം.ആള്‍ദൈവം കളിക്കുന്നവര്‍ പെണ്‍വാണിഭക്കാരും സ്ത്രീപീഡനക്കാരും ആയി മാറിയെന്നും ഇരിക്കും. കേസുകള്‍ അന്യേഷിക്കുന്നു; അന്യേഷണശേഷം അവ കേട്ടിവക്കുന്നു;പിന്നെ പോക്കിയെടുക്കുന്നു;പിന്നെയും കേട്ടിവക്കുന്നു; പിന്നെ കോടതിയില്‍ ചാര്‍ജ്ചെയ്യപ്പെടുന്നു; കോടതികളില്‍നിന്നും പിന്‍വലിക്കപ്പെടുന്നു. മന്ത്രിപുത്രന്മാര്‍ ഉള്‍പെട്ട പല കേസുകളും അങ്ങനെയൊക്കെയാണ് അവസ്സാനിക്കുന്നത്.
പുതിയ കേസുകള്‍ മൂടിക്കളയുന്നതുപോലെ പഴയ കേസുകള്‍ പൊക്കിയെടുക്കുന്നു. പുനരന്യേഷണം നടത്തുന്നു. അന്യേഷണശേഷം എന്തുണ്ടാകുമെന്നറിയില്ല. ചില രാഷ്ട്രീയക്കാര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിടുന്നതുപോലെയാണ് നീതിന്യായ സംവിധാനത്തിലെ “കാലാവസ്ഥാ വ്യതിയാനം” വിധിയായ കേസുകള്‍ പോലും ഒരിക്കലും അവസ്സാനിക്കാത്ത മെഗാസീരിയല്‍ കണക്കെ തുടരണമെന്ന് പറയന്നവരും ഉണ്ട്.
എല്ലാത്തിനും രാഷ്ട്രീയമാനങ്ങള്‍ കൊടുക്കുന്നവര്‍ എന്തിനേയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതാണ് ഇങ്ങനെ ‘വ്യതിയാനങ്ങള്‍’ ഉണ്ടാവാന്‍ കാരണമെന്ന് കരുതുന്നവര്‍ ഉണ്ട്. സര്‍ക്കാര്‍ സര്‍വീസിലെ ട്രാന്‍സ്ഫര്‍ പോലെ,ചിലര്‍ സ്ഥലം മാറ്റപ്പെടുന്ന ഒാഫീസ്സിലേക്ക് ഒരു ബാഗ് സാധനങ്ങളുമായി ചാര്‍ജ്എടുക്കാന്‍ പോകുന്നത് കാണാം.അവിടെ ചെല്ലുമ്പോഴേക്കും ട്രാന്സ്ഫെര്‍ റദ്ദാക്കിയാലോ എന്ന ഭയവും അവര്‍ക്കുണ്ട്.അത്രമാത്രം അനിശ്ചിതത്വം നിലനില്‍ക്കുന്നു. നിയമ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുത്തു അയക്കുന്ന ജനപ്രതിനിധികള്‍ക്ക് അവിടെ ചെലവാക്കുന്ന ഓരോ നിമിഷത്തിനും ലക്ഷകണക്കിന് രൂപയാണ് പൊതുജനങ്ങള്‍ ചിലവിടുന്നത്. അവരുടെ നികുതിപ്പണം കൈപ്പറ്റിയിട്ട് എന്നും വാക്ക് ഔട്ടും നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാഖ്യം വിളിയും ,നടപടി തടസ്സപ്പെടുത്തലും,സഭാകവാടത്തില്‍ ധര്‍ണയും മറ്റും ആയാലോ? ജനങ്ങള്‍ അവ കാണാതിരിക്കാന്‍ സഭാധ്യക്ഷന്‍ തന്നെ ടെലിവിഷന്‍ ഓഫ് ചെയ്യാന്‍ പറയുന്നുപോലും! പൊതുജനങ്ങള്‍ക്ക് കാണാന്‍ കൊള്ളാത്ത കാര്യങ്ങള്‍ സഭയില്‍ കാണിക്കാം. പൊതുജനങ്ങള്‍ അവ കാണുന്നതാണ് കുഴപ്പം! കഷ്ടം!
റോഡിലൂടെ യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും യാത്ര മുഴുമിപ്പിക്കാനാകുമോ എന്നാ ഭയം ജനിക്കുന്നതുപോലെ നാളെ എന്ത് ഇവിടെ നടക്കാന്‍ പോകുന്നുവെന്നതിനെകുറിച്ചൊന്നും പറയാന്‍ ആര്‍കും കഴിയുന്നില്ല. മന്ത്രിമാരുടെ വാഹനങ്ങള്‍ ഇടിച്ചുപോലും അപകടങ്ങള്‍ അനേകം ഉണ്ടാവുന്നു. സര്‍ക്കാര്‍ ഒത്താശയോടെ ബന്ദ്,ഹര്‍ത്താല്‍; മന്ത്രിമാരുടെ മൌന അനുവാദത്തോടെ സമരങ്ങള്‍;രാഷ്ട്രീയക്കാരുടെ അനുഗ്രഹാസ്സിസ്സുകളോടെ നോക്കുകൂലി/അട്ടിമറി,കൂട്ടത്തല്ല്,ജാഥ,കോലംകത്തിക്കല്‍,ഉപരോധം, അഴിമതി, സ്ഥപിതതാല്‍പ്പര്യം, കൊഴകൊടുക്കല്‍,മദ്യവ്യാപാരം! എന്തിനേറെ? അവയെ പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥവര്‍ഗം! എല്ലാം സഹിക്കുന്ന ഒരുകൂട്ടം പച്ച മനുഷ്യര്‍!
No comments :
Post a Comment