From the Criminologist’s Corner-54
Account Criminal Justice
കുറ്റകൃത്യശാസ്ത്രത്തിന്‍റെ പുത്തന്‍ മേഖലകള്‍
ഇന്ത്യയിലെ പരമോന്നത നീതിപീഠത്തില്‍ ന്യായാധിപരായിരുന്ന രണ്ട് മാന്യ വ്യക്ത്തികള്‍ ലക്ഷക്കണക്കിന് രൂപ കൈകൂലി വാങ്ങി ഒരു കൂട്ടര്‍ക്ക് അനുകൂലമായ വിധി എഴുതിക്കൊടുത്തുവെന്ന് കേരളത്തിലെ ഒരു മുന്‍മന്ത്രിയും ഇപ്പോഴത്തെ കേന്ദ്രഭരണകക്ഷി എം.പി.യുമായ മറ്റൊരു മാന്യദേഹം- ഒരു രാഷ്ട്രീയ നേതാവ്- പതിനെട്ട് വര്‍ഷം കഴിഞ്ഞ്, പൊതുവേദിയില്‍ പരസ്യമായി പ്രഖ്യാപിച്ചുവേന്നത് വളരെയേറെ വിവാദങ്ങള്‍ക്ക് ഇപ്പോള്‍ വഴിവച്ചിരിക്കുകയാണ്. പഴയ കേസുകെട്ടുകള്‍ പുരാവസ്ത്തുഗവേഷണം നടത്തി പൊക്കിയെടുത്ത് കൊണ്ടുവന്ന് രസിക്കുന്ന- അതാണ് നീതിബോധം എന്ന് പ്രചരിപ്പിക്കുന്ന- ഒരു കാലഘട്ടത്തില്‍, അത്തരത്തിലുള്ള മറ്റൊരെണ്ണം കൂടി പുറത്ത് വന്നിരിക്കുന്നുവെന്ന് കരുതുന്നവരും ഉണ്ട്.കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അവ അന്യേഷണവിധേയമാക്കുന്നതിനും കാലപരിധി അഥവാ limitation വയ്ക്കണമെന്ന് വാദിക്കുന്ന ഒരു അവസ്ഥാവിശേഷം കൂടി സംസ്ഥാനത്ത് നിലവില്‍ വന്നിരിക്കുന്നുവെന്നര്‍ത്ഥം.
എം.പി.യുടെ പരസ്യപ്രസ്ഥാവന ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല. അതിനെത്തുടര്‍ന്ന് അബ്ക്കാരികള്‍, ബാര്‍ ഉടമകള്‍ ,രാഷ്ട്രീയക്കാര്‍ തുടങ്ങി പലരും പലതും പറയാന്‍ തുടങ്ങി. അതിനിടെ പല നേതാക്കളുടെ പേരുകളും പരാമര്‍ശിക്കുക ഉണ്ടായി. അവരില്‍ മരിച്ചവരും ഇപ്പോള്‍ ഭരണം നടത്തുന്നവരും ഉണ്ട്. അവരുടെയെല്ലാം പേരില്‍ കേസ് എടുക്കണം എന്ന അഭിപ്രായവും പൊന്തിവന്നീട്ടുണ്ട്.അതോടെ എം.പി.പറഞ്ഞ കാര്യം പലരും മറക്കാന്‍ തുടങ്ങി. നീതിന്യായസംവിധാനത്തില്‍ കാണുന്ന അഴിമതികളെക്കുറിച്ച് പലരും ആക്ഷേപങ്ങള്‍ പരസ്യമായീട്ടല്ലെങ്കിലും ഉന്നയിക്കുന്നുണ്ട്.ഞാന്‍ നടത്തിയ ഗവേഷണങ്ങളും മറിച്ചല്ല പറഞ്ഞുതരുന്നത്. പരസ്യമായി ഉന്നയിച്ചപ്പോള്‍ അതിനെക്കുറിച്ച് അന്യേഷിച്ച് പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടന്തിനു പകരം ആക്ഷേപം ഉന്നയിച്ചയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുമ്പെടുകയാണ് സര്‍ക്കാരും അതിന്‍റെ കീഴിലുള്ള കുറ്റാന്യേഷണ വിഭാഗവും.കൊള്ളാം . ഡല്‍ഹിയിലും തിരുവനന്തപുരത്തും കേസ് രജിസ്റ്റര്‍ ചെയ്തീട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. അങ്ങനെ പോകുമോ എന്നത് മറ്റൊരു പ്രശ്നം.
ശിക്ഷാനിയമത്തിലെ ഏത് വകുപ്പിന്‍റെ കീഴിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നറിയേണ്ടേ? അതാണ് 202 IPC-1860. എന്താണ് അതില്‍ പറയുന്നത് എന്നറിയേണ്ടേ? അപ്പോള്‍ ശ്രദ്ധിക്കൂ.
“ Whoever,knowing or having reason to believe that an offence has been committed intentionally omits to give any information respecting that offence which he is legally bound to give shall be punished with imprisonment of either description for a term which may extend to 6 months or with fine or with both.”
ഒരു offence അഥവാ കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കുന്നതിന് മുന്‍പ് കുറ്റം ചെയ്തതിനെ കുറിച്ച് അറിയാമായിരുന്നീട്ടും അക്കാര്യം അറിയിച്ചില്ലെന്ന കാരണംകൊണ്ട് ഒരാളെ ശിക്ഷിക്കണമെന്ന് ആവശൃപെടുന്നവര്‍ കുറ്റം തന്നെ നടന്നോ അതോ അദേഹത്തിന്‍റെ പരസ്യപ്രസ്ഥാവന തെറ്റാണോ എന്ന കാര്യം എന്തുകൊണ്ട് അനേൃഷിക്കുന്നില്ല? ആദ്യം കുറ്റം ചെയ്തുവെന്നു ആരോപിക്കപെട്ട വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ അവര്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അക്കാര്യം അറിയിച് മേല്‍ നടപടി എടുക്കാന്‍ പോയില്ല എന്ന കുറ്റം ചുമത്താനാവൂ. ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ തെറ്റ് ചെയ്യുന്നവര്‍ക്കെല്ലാം എതിരായി ഉപയോഗിക്കാനുള്ളതാണ്. അതല്ലാതെ, ചില വ്യക്തികളെ മാത്രം ഉന്നം വച്ച് രാഷ്ട്രീയമായി ദുരുപയോഗിക്കനുള്ളതല്ലെന്ന് നാം അംഗീകരിക്കണം.
പണം കൊടുത്തവര്‍,പണം വാങ്ങിയവര്‍, കൊടുത്തത് കണ്ടവര്‍,,പണം കൈക്കൂലിയായി കൈപ്പറ്റി ആസ്വദിച്ചവര്‍,ഗൂഡാലോചന നടത്തിയവര്‍- അങ്ങനെ അനേകം പേര്‍ ഉണ്ടാകാവുന്ന ഒരു കുറ്റകൃത്യത്തില്‍ പണം കൊടുത്തത് കണ്ടെന്ന് പരസ്യമായി പ്രസ്താവിച്ച ഒരാള്‍ക്കെതിരെ മാത്രം നിയമ നടപടികള്‍! അല്ലാത്തവരെല്ലാം സുരക്ഷിതര്‍!കുറ്റകൃത്യ ശാസ്ത്രത്തിന്‍റെ പുതിയ പുതിയ മേഖലയിലേക്ക്-കേസ് രജിസ്റ്റര്‍ ചെയ്യുന്ന പുത്തന്‍ പുത്തന്‍ രീതികളിലേക്ക് നാം കടന്ന് ചെല്ലുകയാണ്.ഒരുപക്ഷെ,കുറ്റകൃത്യശാസ്ത്രം വളരെയേറെ വികസിച്ച പാശ്ചാത്യരാജ്യങ്ങളില്‍ പോലും കാണപ്പെടാത്ത പുത്തന്‍ മേഖലകള്‍!
No comments :
Post a Comment