From the Criminologist’s Corner-46
Account Criminal Justice
ജാതക വിശേഷം- സമരമേ ജീവിതം!
ഫാര്‍മസിയില്‍ നിന്നും വാങ്ങുന്ന മരുന്ന് ആണേലും ബേക്കറിയില്‍ നിന്നും വാങ്ങുന്ന കേക്ക് ആണേലും നാലുമണിക്ക് കഴിക്കാന്‍ വാങ്ങുന്ന പിസ്സ ആണേലും പച്ചക്കറിയാണേലും അവ പൊതിയാന്‍ ഉപയോഗിക്കുന്ന കവറിന് അതിനുള്ളില്‍ വച്ചിരിക്കുന്ന സാധനത്തേക്കാള്‍ കൂടുതല്‍ വില വരുമെന്ന് എനിക്ക് തോന്നുന്നു. ഉദാഹരണത്തിന്, 14ഡോളര്‍ വിലയുള്ള പിസ്സ വച്ചുതരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ബലവും വലുപ്പവും ഭംഗിയുമെല്ലാം അതിശയിപ്പിക്കും വിധമുള്ളതാണ്. 15ഡോളര്‍ വിലയുള്ള കേക്കിന് ഉപയോഗിക്കുന്ന ഒരുതരം പ്ലാസ്റ്റിക് ആവരണം,കേക്കില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ വച്ചിരിക്കുന്ന ‘ഡോറ,കുരങ്ങ്,പട്ടി’ തുടങ്ങിയവയുടെ പ്ലാസ്റ്റിക് മാതൃകകള്‍- അവയെല്ലാം നല്ല വിലയുള്ളവ തന്നെ. അവ ഇല്ലെങ്കില്‍ വില ഇപ്പോള്‍ ഉള്ളതിന്‍റെ പകുതിക്ക് മുകളിലെ വരുകയുള്ളു. ഇത്രയൊക്കെയായിട്ടും,വില കൂടുതല്‍ ആണെന്നതിന്‍റെ പേരില്‍ ഒരു ബന്ദോ,റോഡ് ഉപരോധമോ, വിപണി യാക്രമണമോ,സമരമോ ഇവിടെ കാണുന്നില്ല. നാം കണ്ടുപടിക്കേണ്ട ഒരു നല്ല കാര്യം ആണത്.
ആ ദിവസ്സങ്ങളില്‍ നമ്മുടെ നാട്ടില്‍ പച്ചക്കറികള്‍ക്ക് തീവിലയാണെന്ന് പറഞ്ഞ് സര്‍ക്കാരിന് എതിരെ സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയപാര്‍ടികളുടെ ആവേശ്ശം കാണുകയുണ്ടായി.ടെലിവിഷനില്‍ മിമിക്രി കലാകാരന്മാര്‍ ഉള്ളി പണയം വയ്ക്കാന്‍ ചെല്ലുന്നതും സബോളകൊണ്ട് ആഭരണങ്ങള്‍ ഉണ്ടാക്കി വധുവിനെ അണിയിച്ച് ഒരുക്കുന്നതും കാണിച്ച് ജനങ്ങളെ ചിരിപ്പിക്കുന്നതും കണ്ടു. സംസ്ഥാനത്ത് പച്ചക്കറികള്‍ ഇല്ല. തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും അവ വന്നില്ലെങ്കില്‍ കേരളത്തിലെ പച്ചക്കറി വിപണി കാലിയാണ് .എട്ട് മത്തങ്ങ മുളകിന് 5 ഉറുപ്പിക,പതിനേഴ് കാന്താരി മുളകിന് 5ഉറുപ്പിക, പതിനാറ് ചക്കച്ചുളക്ക് 10ഉറുപ്പിക, രണ്ട് മുരിങ്ങക്കായക്ക് 8ഉറുപ്പിക, മൂന്ന് മാങ്ങാക്ക് 20ഉറുപ്പിക എന്ന കണക്കില്‍ ആയിരുന്നു ഒക്ടോബര്‍ മാസം അവസാനം –അതായത് ഞാന്‍ പോരുന്നതിന് തൊട്ടുമുന്‍പുള്ള വിപണി നിരക്ക്. മുല്ലപെരിയാര്‍ പ്രശ്നത്തോട് അനുബന്ധിച്ച് പച്ചക്കറി ഉപരോധം പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചില തമിഴ് നാട് രാഷ്ട്രീയക്കാര്‍ പ്രസംഗിക്കുന്നത് കേട്ടു. ഇറാക്കിലേക്കും മറ്റും ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലെയാണ് കേരളത്തിലേക്ക് പച്ചക്കറി,പഴവര്‍ഗ്ഗങ്ങള്‍, അരി എന്നിവയുടെ ഉപരോധത്തെകുറിച്ച് അന്യ സംസ്ഥാനത്ത് ഉള്ള രാഷ്ട്രീയക്കാര്‍ സംസാരിക്കുന്നതെന്നോര്‍ക്കുക.
എന്നീട്ടും എന്തുകൊണ്ട് അവ ഉല്‍പ്പാദിപ്പിക്കുന്നതിനായി ചിന്തിക്കുന്നില്ല? എന്തൊരു തൊഴില്‍ കൂലിയാണിവിടെ? 450തോ 500റോ ഉറുപ്പിക കൊടുത്താലും ഒരു പണിക്കാരനെ കിട്ടാനില്ല. മണ്ണില്‍ വേലചെയ്യാന്‍ തയ്യാറല്ല. ചിലര്‍ എട്ടരക്ക് വന്നാല്‍ രണ്ട് മണിക്ക് പണി നിര്‍ത്തി പോകുന്നു. മറ്റുചിലരാവട്ടെ ,പണിയെടുക്കാതെതന്നെ വേതനം പറ്റാന്‍ നോക്കുന്നു. നമ്മള്‍ വില്‍ക്കുന്ന തേങ്ങക്ക് കിട്ടുന്നത് നാലോ അഞ്ചോ ഉറുപ്പിക. അതോരെണ്ണം വാങ്ങാന്‍ ചന്തയില്‍ ചെന്നാലോ? ഒരെണ്ണത്തിന് പത്തും പന്ത്രണ്ടും രൂപ. ചുമട്ടുകൂലി, വണ്ടികൂലി, വാടകയോക്കെ കഴിഞ്ഞ് കച്ചവടക്കാരന് നഷ്ടം ആണെന്നാണ് പറയുന്നത്. പണിചെയ്യാന്‍ കേരളത്തില്‍ സ്ഥലം ഇല്ലെന്ന് പറയപ്പെടുന്നു. കെട്ടിടത്തിന്‍റെ മുകളിലും ചെടിച്ചട്ടികളിലും പച്ചക്കറികള്‍ നട്ട് പേരെടുക്കാന്‍ -മാധ്യമ ശ്റദ്ധ പിടിച്ച് പറ്റാന്‍- പരിശ്റമിക്കുന്നവര്‍ ഉണ്ട്. എന്നാല്‍, സ്ഥലമുള്ള പ്രദേശങ്ങളില്‍ അവ അവര്‍ തരിശ്ശിടുന്നു. ഭുമി കൈയേറി സമരം ചെയ്യാനും അത് പിടിച്ചെടുക്കാനും ആവേശ്ശം കാണിക്കുന്നവര്‍ ആരും കൃഷി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. നെല്‍കൃഷി ചെയ്യാന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന പലരും കൃഷി സ്ഥലത്തുള്ള തെങ്ങും മറ്റും വെട്ടിനിരത്തുന്നു. എന്നാല്‍,നെല്‍കൃഷി ചെയ്യുന്നവരെ കാണുന്നില്ല. പട്ടിക്ക് ഒട്ടും വേണ്ടതാനും,പശുവിനെ ഒട്ടും തീറ്റിക്കുകയുമില്ല എന്ന നയം സ്വീകരിക്കുന്നവര്‍ സ്വയം ഒട്ടും കൃഷി ചെയ്യുകയുമില്ല, കൃഷി ചെയ്യുന്നവരെ ഒട്ടും പ്രോത്സാഹിപ്പിക്കുകയും ഇല്ല. എന്തിനധികം? ഇങ്ങനെയൊക്കെ കാര്യങ്ങള്‍ പോകുമ്പോഴും സമരങ്ങള്‍ക്കും വാചകമടിക്കും വഴിയോരസമ്മേളനങ്ങള്‍ നടത്താനും വഴക്കടിക്കാനും വെട്ടിനിരത്താനും ധാരാളം പേര്‍.ഇതെന്തോരു ജാതകം, ദൈവമേ!
No comments :
Post a Comment