Friday, 25 February 2011

From the Criminologist's Corner-34

From the Criminologist’s Corner-34

അര്‍ക്കന്‍സായിലെ പ്രാവുകളും നമ്മുടെ നാട്ടിലെ പ്രതിരോധമാര്‍ഗങ്ങളും

അതിശൈത്യത്തില്‍ ആഹ്ലാദിച്ചുല്ലസിച്ച് പറന്ന് പറന്ന് പോയിരുന്ന കുഞ്ഞികുരുവികളെ ഞാന്‍ നേരത്തെ കണ്ടിരുന്നു. ഇന്ന് ശൈത്യം വളരെ കു‌ടി. ഏതാ ണ്ട് ഒന്നര അടിയിലേറെ ഐസ്. എവിടേയും തണുത്ത കാറ്റ്. കാറ്റെന്ന് പറഞ്ഞാല്‍, നമ്മുടെ അസ്ഥി തുളച്ചുകയറുന്ന മാതിരിയുള്ള കാറ്റ്.ചന്ദ്രനില്‍ പോകാനായി വസ്ത്രധാരണം ചെയ്യുന്നത്പോലെ ഷൂസും കൈയുറകളും തൊപ്പിയും മുഖം മൂടിയുമെല്ലാം വച്ചാലും തണുത്ത കാറ്റ് നാം കാണാത്ത ഏതോ പഴുതിലൂടെ അകത്ത്‌ കയറിയിട്ട് ശരീരത്തെ “കോച്ചുന്ന” വിധത്തിലാക്കി മാറ്റുന്നു. കാറിന്‍റെ ചില്ലില്‍ പറ്റിപിടിചിരിക്കുന്ന ഐസ് മാറ്റാനുള്ള എന്‍റെ ശ്രമം അഞ്ച്‌ മിനിട്ട് നീണ്ട്നിന്നില്ല, കൈവി\രലുകള്‍ അനക്കാനാവാത്തവിധം മരവിച്ച് പോയി-കൈയുറകള്‍ ഇട്ടിരുന്നെങ്കിലും! -21ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു അന്തരീക്ഷതാപം. അതിനിടയില്‍, ആകാശത്തിലേക്ക് ഞാനൊന്നു നോക്കി. അപ്പോള്‍ കുറച്ച് ദിവസ്സം മുന്‍പ് ഞാന്‍ കണ്ട കുരുവികളുടെ സ്ഥാനത്ത്‌ പ്രാവ് കണക്കെ കുറെ പക്ഷികള്‍ പറന്ന് പറന്ന് പോകുന്നു. അതൊരു കാഴ്ച തന്നെ ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും ജീവിക്കാന്‍ പ്രകൃതി നല്‍കിയ പ്രത്യേക ശക്തി.

പ്രാവിന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക്‌ അത് കാണിച്ചു തരുന്ന പാഠം എന്താണ്? മലയാളികള്‍ക്ക് ഏതാണ്ട് എല്ലാത്തിനേയും അതിജീവിക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ട് എന്ന് കരുതുന്നവര്‍ ധാരാളം ഉണ്ട്. വഴിയില്‍ ഒരു വാഹനാപകടം ഉണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ അങ്ങനെ ഒരു അപകടം കണ്ടില്ല എന്ന വിധത്തില്‍ സ്ഥലം വിടുന്നു; അപകടത്തില്‍പെട്ടവര്‍ ചോരയോലിപ്പിച്ച് കിടന്നാല്‍ അത് കണ്ടില്ല എന്ന രൂപത്തില്‍ ഓടി രക്ഷപെടുന്നു.

തൊഴിലില്ലായ്മയെ അതിജീവിക്കാന്‍ തൊഴില്‍ തട്ടിപ്പ്‌ നടത്തുന്നു; തൊഴില്‍ കൊടുക്കാമെന്നും തൊഴിലിനു വിദേശത്ത് കൊണ്ടുപോകാമെന്നും അന്യസംസ്ഥാനങ്ങളില്‍ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് വ്യാമോഹിപ്പിച്ചും തൊഴിലനേൃഷകരെ പറ്റിക്കുന്ന/ തട്ടിക്കുന്ന എത്രയോ വ്യക്തികളും സ്ഥാപനങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന് ആര്‍ക്കറിയാം?

പണ്ടം പണയം നടത്തിയും ബ്ലെയ്ഡ് നിക്ഷേപം വാങ്ങിച്ചും ലക്ഷം/കോടി കണക്കിന് ഉരുപിക തട്ടിച്ച് മുങ്ങുന്നവര്‍ അനേകം. അതിനെ അതിജീവിക്കാന്‍ മലയാളികള്‍ ഒച്ച വക്കുന്നു. അധികം കഴിയാതെ അവരുടെ മനോദുഖത്തെ അതിജീവിക്കാനുള്ള ശക്തി അവര്‍ ആര്‍ജിക്കുന്നു.

മദ്യപാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം ആണ് കേരളം. മദ്യം കഴിച്ച് അതിജീവിക്കാം പലതിനേയും.

ഏത് പ്രശ്നത്തെ അതിജീവിക്കാനും മലയാളിക്കൊരു ആയുധം ഉണ്ട്. സമരങ്ങള്‍! തൊഴില്‍ സമരം, വിദ്യാര്‍ഥി സമരം, ട്രാക്ടര്‍ക്ക് എതിരെ സമരം, കമ്പ്യൂട്ടര്‍ക്ക് എതിരെ സമരം; പ്ലസ്‌ ടു കൊഴ്സിനെതിരെ സമരം; സ്വാശ്രയ കോളെജ്കള്‍ക്കെതിരെ സമരം.; തൊഴിലില്ലായ്മക്കെതിരെ സമരം; വേതനവരധനവിനായി സമരം; ഡോക്ടര്‍മാരുടെ സമരം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം; വികലാംഗരുടെ സമരം; നേഴ്സുമാരുടെ സമരം.....അങ്ങനെ നാം സെക്രട്ടേറിയറ്റിന്‍റെ മുന്‍പില്‍ ചെന്ന് ഒരു മാസം സമരങ്ങള്‍ ചെയ്യാന്‍ എത്തുന്നവരുടെ കണക്കെടുത്താല്‍ കണ്ണ് തള്ളിപ്പോകും. നമ്മുടെ നാട് ഒരു “സമര നാട്” ആയി മാറിയിരിക്കുകയാണ്. സമരം വിജയിപ്പിക്കാനായി നശിപ്പിക്കപ്പെടുന്നവയുടെ കണക്ക് വേറെ. എന്തിനധികം? ജീവിത പ്രശ്നങ്ങളെ അതിജീവിക്കാനായി വ്യക്തിപരമായും കുടുബം മുഴുവനായും ക്‌ുട്ടത്തോടെയും ആത്മഹത്യാചെയ്യുന്നവരുടെ എണ്ണം രാജ്യത്തുതന്നെ ഏറ്റവും അധികം കേരളത്തിലാണ്.

പ്രകൃതി അനുഗ്രഹിച്ച മാവേലിനാട്ടില്‍ പ്രകൃതിയുടെ ആക്രമണത്തെ പ്രതിരോധിക്കേണ്ട സാഹചര്യം മലയാളികള്‍ക്കില്ല. അതുകൊണ്ടായിരിക്കാം നാം നമ്മുടെതായ ചില പ്രതിരോധമാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച സമരങ്ങളെപോലെ തന്നെ ശകതമാണ് നമ്മുടെ നാട്ടിലെ അട്ടിമറി,നോക്കുക്‌ുലി, കോലംകത്തിക്കല്‍, പിരിവ്,ഗുണ്ടായിസം എന്നിവ. അവയും മലയാളികളുടെ പ്രതിരോധ ശക്തികള്‍ തന്നെ..ജോലിയും വേലയും ചെയ്യാന്‍ മനസ്സില്ലത്തവര്‍ കണ്ടെത്തിയിരിക്കുന്ന അത്തരം പ്രതിരോധ മാര്‍ഗങ്ങളെ നിരുല്‍സാഹപ്പെടുത്തേണ്ടതാണ്.ഇന്ത്യയില്‍ തന്നെ ദുബായ് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ വേതന ഘടന ആരേയും അതിശയിപ്പിക്കും വിധത്തിലുള്ളതാണ്. അവിടെ ജോലി ചെയ്യാതെ അന്യ രാജ്യങ്ങളില്‍ പോയി അഹോരാത്രം പണിയെടുക്കുന്ന മലയാളികള്‍ എന്തുകൊണ്ട് അവരുടെ കഴിവും ശക്തിയും ബുദ്ധിയും നമ്മുടെ സംസ്ഥാനത്തിന് വേണ്ടി വിനിയോഗിക്കുന്നില്ല? അതുകൊണ്ടായിരിക്കാം മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ നമ്മുടെ നാട്ടിലേക്ക് ഓടിയെത്തുന്നത്‌. അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ഇപ്പോള്‍ നമ്മളില്‍ പലരും.കഷ്ടം!

No comments :

Post a Comment