From the Criminologist’s Corner-30
Account Criminal Justice
അജ്ഞാത ജഡങ്ങള്‍!!
ഒരു പൌരന്‍റെ തിരിച്ചറിയല്‍-IDENTITY-അത് ഏതൊരു രാജ്യത്തിനും ആവശ്യമാണ്. വികസിത രാജ്യങ്ങളിലെല്ലാം അതുണ്ട്. സിംഗപ്പൂരില്‍ ഐ.ഡി. കാര്‍ഡ് നിര്‍ബ്ബന്ധമാണ്. അമേരിക്കയില്‍ സോഷ്യല്‍ സെകൂരിറ്റി കാര്‍ഡ് അതിനായി ഉപയോഗിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് വരെ അതുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലും തിരിച്ചറിയല്‍ കാര്‍ഡ് ഇലക്ഷന്‍ കമ്മീഷന്‍ തന്നീട്ടുണ്ട്. അതുപോലെയുള്ള ഒട്ടനവധി തിരിച്ചറിയല്‍ രേഖകളും നമ്മുടെ കൈവശം ഉണ്ട്. റേഷന്‍ കാര്‍ഡ് മുതല്‍ നാം എണ്ണിനോക്കിയാല്‍ തിരിച്ചറിയല്‍ രേഖകളുടെ ഒരു കൂത്തരങ്ങ് ആണ്. പക്ഷെ, അവയൊന്നും മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ‘തിരിച്ചറിയല്‍ കാര്‍ഡ്’ പോലെയല്ല. കറതീര്‍ന്ന ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഇന്ത്യാ ഗവണ്മെന്റ് ഉടനെ തരുന്നൂ എന്ന പ്രതീക്ഷയിലാണ് നാമെല്ലാം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്രങ്ങളില്‍ വന്നിരുന്ന അജ്ഞാത ജഡം എന്ന വാര്‍ത്ത വെട്ടി ഒരു കടലാസ്സില്‍ ഒട്ടിച്ചുവെക്കുകയെന്നത് എന്‍റെ ഒരു ശീലമായിരുന്നു. കാരണം? അജഞാത ജഡങ്ങള്‍ കേരളത്തില്‍ കൂടി കൂടി വരുന്നൂ എന്നൊരു സംസാരം കേള്‍ക്കാമായിരുന്നു. മാസ്സങ്ങളോളം ഞാനും എന്‍റെ ഭാര്യയും കൂടി വെട്ടി വെട്ടി അവസാനം വെട്ടേണ്ട എന്ന് വച്ചു. അതിനുമുണ്ടൊരു കാരണം.ഒട്ടിച്ച് വക്കാന്‍ കടലാസ്സ് ഏറെ ആവശ്യമായി വന്നു.; അത് കൂടാതെ എല്ലാ വാര്‍ത്തകളും ഒരുതരം ക്ലാസ്സിഫൈഡ് പരസ്യം പോലെ..ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വാര്‍ത്ത മാത്രം. അങ്ങനെയുള്ള ‘തുണ്ടുകള്‍’ വെട്ടിസൂക്ഷിച്ചതുകൊണ്ട് ഗവേഷണഗുണമൊന്നും ഇല്ല. ഒരുപക്ഷെ അജഞാത ജഡങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളുടെ രൂപം എന്നോ മറ്റോ പഠിക്കാം എന്നല്ലാതെ മറ്റ് പ്രയോജനങ്ങള്‍ ഇല്ലായിരുന്നു. അജ്ഞാത ജഡങ്ങളുടെ ബാഹുല്യവും താങ്ങാനാവുന്നതിലും കൂടുതല്‍ ആയിരുന്നൂ.
ഒരു വര്ഷം കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം നാള്‍ക്ക്നാള്‍ കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍ അജ്ജാത ജഡങ്ങളുടെ എണ്ണം കൂടി കൂടി വരുന്നു! 650നും 700നും മദ്ധ്യേയാണ് അജ്ഞാത ജഡങ്ങള്‍! കൊലപാതകങ്ങള്‍ ആകട്ടെ 425നും 475നും മദ്ധ്യേ(?).എവിടെ നിന്ന് വരുന്നൂ. ഈ ‘അജ്ഞാതന്മാര്‍’? കാടിനുള്ളിലും കടല്‍ കരയിലും റോഡ് അരുകിലും റെയില്‍വേ ട്രാക്കിലും കാണപ്പെടുന്ന അജ്ഞാതന്മാര്‍ക്ക് പുറമേ കായല്‍ വെള്ളത്തിലും പുഴയിലും മീന്‍ കൊത്തിയ നിലയിലും ചീഞ്ഞഴിഞ്ഞതരത്തിലും അജ്ഞാത ജഡങ്ങള്‍ കാണാം. ആരും അവകാശപെടാനില്ലാത്ത ഈ ‘അജ്ഞാതന്മാര്‍’പലപ്പോഴും പോലിസിന്‍റെ മാത്രം” Property’ ആയി മാറുന്നു.അവരാവട്ടെ,അധികമൊന്നും മെനെക്കെടാതെ കുറെ ഫോട്ടോകള്‍ എടുത്ത് ജഡം കുറച്ചുകാലം സുക്ഷിച്ചുവച്ച് മറവുചെയ്യുന്നു. പിന്നീട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ലെങ്കില്‍ ജഡങ്ങള്‍ക്ക് സുഖനിദ്ര- R.I.P.; ഉണ്ടാകുന്നൂവെങ്കില്‍ പോലീസിനു തലവേദന.
അജ്ഞാത ജഡങ്ങളെ തിരിച്ചറിയാന്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന കാര്യം പോലീസ് വകുപ്പ് 1990കളിലെ ചിന്തിച്ചിരുന്നു.അതിനായി ഒരു പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കികൊടുക്കാന്‍ എന്നെ അന്നത്തെ ഡി.ജി.പി. ചുമതലപ്പെടുത്തി.ഞാന്‍ അത് തയ്യാറാക്കി കൊടുത്തതുമാണ്.എന്നാല്‍ പിന്നീട് അതിന് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല. വിസ എടുക്കാനായി ചെന്നയിലെ അമേരിക്കന്‍ എംബസിയില്‍ ചെന്നപ്പോള്‍ അവര്‍ നിമിഷം നേരം കൊണ്ട് വിരലടയാളവും കൈപ്പത്തിയിലെ അടയാളവും രേഖപ്പെടുത്തി. നമ്മുടെ പോലിസ് സ്റ്റേഷനിലെ മഷി പ്രയോഗം ഞാന്‍ അവിടെ കണ്ടില്ല. ഹൂസ്സ്ടന്‍ എയര്‍ പോര്‍ട്ടില്‍ വന്നപ്പോള്‍ അവിടേയും അവര്‍ വിരലടയാളവും കൈപ്പത്തിയാടയാളവും ചെന്നയില്‍ ചെയ്തത്പോലെ എടുക്കുകയുണ്ടായി. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന അത്തരം രീതികള്‍ അവലബിച്ചാല്‍ നമുക്ക് നമ്മുടെ അജ്ജാത ജഡങ്ങളേയും തിരിച്ചറിയാന്‍ പറ്റും. അതിനുള്ള ഒരു പ്രൊജക്റ്റ് റിപ്പോര്‍ട്ട് അടിയന്ധിരമായി തയ്യാറാക്കുക. ദുബായിലും ഷാര്‍ജയിലും അമേരിക്കയിലുമെല്ലാം EYE TEST നടത്തുന്നുണ്ട്. അതും IDENTITY ക്ക് വേണ്ടിയാണ്.അതും നമുക്കൊന്ന് പരീക്ഷിച്ചുകൂടെ? മൂന്നുകോടിയില്‍ ഏറെ ജനങ്ങളെ അങ്ങനെ ചെയ്യുന്നതല്ലേ അവരില്‍ ചിലരെ അജ്ജാതജഡങ്ങളായി മറവുചെയ്യുന്നതിലും ഭേദം?
No comments :
Post a Comment