From the Criminologist’s Corner-33
Account Criminal Justice
ഇളം തലമുറ
ഒരു മാളില്‍(Mall) കുഞ്ഞുങ്ങളുടെ വിഭാഗത്തില്‍ ചെന്നാല്‍ കണ്ണ് തള്ളിപ്പോകും. ഇത്രമാത്രം സാധനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിച്ച്പോകും.കുഞ്ഞുങ്ങളുടെ ഓരോ നിമിഷത്തെ വളര്‍ച്ച കണ്ട് അത് മനസ്സിലാക്കി കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാകുവാനായീട്ടുള്ള രീതിയില്‍ ഭാവനയുടെയും യഥാര്‍ത്ഥൃത്തിന്‍റേയും പിന്‍ബലത്തോടെ നിര്‍മിച്ചിരിക്കുന്ന സാധനസാമഗ്രികളുടെ പേരുകള്‍ ഇവിടെ കുറിക്കുന്നില്ല. അവ കാണുമ്പോള്‍ കുഞ്ഞുങ്ങള്‍ നമുക്ക് വേണമെന്ന് തോന്നിപ്പോകും. അജാത ശിശുക്കളെ ഗര്‍ഭസ്ഥാവസ്ഥയില്‍വച്ച് കൊന്നുകളയാന്‍ എങ്ങനെ മനുഷ്യര്‍ക്കാകും? നമ്മുടെ നാട്ടില്‍ അങ്ങനെ ചെയ്യുന്നുവെന്നും പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ചെയ്തിരിക്കുമെന്നും കേള്‍ക്കുംബോള്‍ മനസ്സിന് വിഷമം തോന്നുന്നു. തമിഴ്‌നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളുടെ വായില്‍ വിഷപ്പാല്‍ ഒഴിച്ചും നെന്മണികള്‍ വാരിയിട്ടും അവരെ വകവരുത്തുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. കുഞ്ഞുങ്ങള്‍ ജനിച്ച ഉടനെതന്നെ അവരെ വില്‍ക്കുന്ന അമ്മമാര്‍, കൊന്നശേഷം കുഴിച്ചിടുന്നവര്‍, ഉപേക്ഷിച്ച് പോകുന്നവര്‍, അമ്മ തൊട്ടിലില്‍ ആക്കുന്നവര്‍, അനാഥാലയത്തില്‍ കൊടുക്കുന്നവര്‍- അത്തരക്കാരുടെ ചെയ്തികളെക്കുറിച്ച് മാധ്യമങ്ങള്‍ പലപ്പോഴും വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. ഒരല്പം പ്രായമായാല്‍ മുഖം വികൃതമാക്കിയും അംഗവൈകല്യം വരുത്തിയും ഭിക്ഷാടനത്തിനു കൊണ്ടുപോകുന്നവര്‍,ഭിക്ഷാടനത്തിനായി കുഞ്ഞുങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോകുന്നവര്‍,പണിസ്ഥലത്ത് കുഞ്ഞുങ്ങളെ കേട്ടിയിടുന്നവര്‍, ഭിക്ഷ യാചിക്കാനായി പറഞ്ഞയക്കുന്നവര്‍- എന്തിനു? കുഞ്ഞുങ്ങള്‍ കൊണ്ടുവരുന്ന വരുമാനത്തില്‍നിന്നും മദ്യം കഴിച്ച് കഴിയുന്നവര്‍, വരുമാനം കുറഞ്ഞാല്‍ കുഞ്ഞുങ്ങളെ അടിച്ച് പീഡപ്പിക്കുന്നവര്‍!
കുഞ്ഞുങ്ങള്‍ക്കുള്ള പാവകളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന ഭാഗത്ത് ചെന്നാല്‍ അവിടെ ഓരോ പ്രായത്തിലും കുഞ്ഞുങ്ങള്‍ എങ്ങനെ കളിക്കണം, എന്തുകൊണ്ട് കളിക്കണം എന്നത് ഗവേഷണബുദ്ധ്യാ പഠിച്ച് അവയുണ്ടാക്കി വില്‍ക്കാന്‍ വച്ചിരിക്കുന്നത് കാണേണ്ടത് തന്നെ. കുഞ്ഞുങ്ങളുടെ വളര്‍ച്ച ലക്ഷ്യമാക്കിയും വ്യക്തിത്വവികസനം കണക്ക് ക്‌ുട്ടിയും ഉണ്ടാക്കിയിരിക്കുന്ന സാധനങ്ങള്‍ കാണുമ്പോള്‍ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ ചെയ്യുന്ന ബാലവേലയെക്കുറിച്ച് ഓര്‍ത്തുപോകും. വേണ്ടത്ര വേതനം പോലും കൊടുക്കാതെ ദീര്‍ഘനേരം കുഞ്ഞുങ്ങള്‍ക്ക് എന്ത് വ്യകതിത്വവികസനം? ചായക്കടയിലും ഇഷ്ടിക കളത്തിലും തീപ്പെട്ടി നിര്‍മാണ ശാലകളിലും വര്‍ക്ക്ഷോപ്പുകളിലും നില്‍ക്കുന്നവരെ ക്‌ുടാതെ വീട്ടുവേലക്കും അടുക്കളപണിക്കുംനില്‍ക്കുന്ന പിഞ്ചോമനകളെകുറിച്ചാരും അധികം ചിന്തിക്കാറില്ല. വീട്ടുപണിക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളെ ലൈംഗീകമായും മറ്റു പലതരത്തിലും പീഡിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീകൊണ്ട് കുത്തിയും വടികൊണ്ട് അടിച്ചും ഇരുമ്പ് ദണ്ഡു പഴുപ്പിച്ച് വച്ചും പീഡിപ്പിച്ച കഥകളും കേട്ടിരിക്കുന്നു.
കുഞ്ഞുങ്ങള്‍ വായിക്കാന്‍- വായിച്ച് വളരാന്‍വേണ്ടിയുള്ള പുസ്തകശാലകള്‍,ലൈബ്രറികള്‍ കാണേണ്ടത് തന്നെ. ഏതെല്ലാം തരം പുസ്തകങ്ങള്‍! എന്തെല്ലാം തരം സി.ഡി.കള്‍! ഇവയെല്ലാം കാണുമ്പോള്‍ പഠിക്കാനാവാത്ത പരശതം കുഞ്ഞുകുട്ടികളെ പറ്റി ഞാന്‍ ചിന്തിച്ചുപോയി. ആദിവാസി മേഖലയില്‍ മാത്രമല്ല അഭ്യസ്തവിദ്യര്‍ താമസിക്കുന്നിടത്തും അങ്ങനെയായാലോ?പഠിച്ചില്ലെങ്കിലും വേണ്ടില്ല,ശതമാനം വച്ചുള്ള പാസാക്കല്‍, പത്താം ക്ലാസില്‍ പഠിച്ചാലും പേരെഴുതാന്‍ അറിയാത്ത കുഞ്ഞുങ്ങള്‍, സമരങ്ങളില്‍ വീരന്മാര്‍, വിദ്യാഭ്യാസ മേഖല സ്തംഭിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍! എങ്ങനെയെങ്കിലും പഠിച്ച് കോളേജില്‍ എത്തിയാല്‍? റാഗിങ്ങ് മന്നന്‍മാര്‍! കത്തി, കഠാര, സൈക്കിള്‍ ചെയില്‍, നാടന്‍ ബോംബ്,ഏറുപടക്കം,ക്രിക്കറ്റ് ബാറ്റ് തുടങ്ങിയവ കൊണ്ട് കോളേജില്‍ പോകുന്നവര്‍, ‘ലജ്ജാവതി’യെ പാടി പാടി നടക്കുന്നവര്‍, മദ്യം കഴിക്കുന്നവര്‍,മയക്കുമരുന്നിനടിമകള്‍,പീരീഡുകള്‍ കട്ട് ചെയ്യുന്നവര്‍, പ്രേമിച്ച് നടക്കുന്നവര്‍! ഇവരെല്ലാം എവിടേക്ക് പോകുന്നു?
വസ്ത്രങ്ങളുടെ വിഭാഗമാണ് കാണേണ്ടത്. ഏതെല്ലാം തരത്തില്‍? വിധത്തില്‍? അവയുടെ പല രൂപങ്ങളും നമ്മുടെ നാട്ടിലും എത്തുന്നുണ്ട്. ടെലിവിഷന്‍ സ്ക്രീനില്‍ നോക്കിയാല്‍,സിനിമ-സീരിയല്‍ കണ്ടാല്‍,സിനിമാറ്റിക് ഡാന്‍സ് കണ്ടാല്‍ നമ്മുടെ സംസ്കാരം എങ്ങനെ അക്കാര്യത്തില്‍ പാശ്ചാത്യവല്കരിക്കപെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം. പാശ്ചാത്യരുടെ നല്ല വശങ്ങളെ ശരിയായ രീതിയില്‍ കാണാതെയും ഉള്‍കൊള്ളാതേയും, എന്നാല്‍ തെറ്റായ രീതിയില്‍ കണ്ടും ഉള്‍ക്കൊണ്ടും മുന്നോട്ട് പോകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍, കുട്ടികള്‍ -ഇളം തലമുറ- സമൂഹം,സംസ്കാരം എവിടെ ചെന്നെത്തിയടിച്ച് നില്‍ക്കുമെന്ന് ഉറക്കെ ചിന്തിക്കുക- പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുക.
No comments :
Post a Comment