Sunday, 20 February 2011

From the Criminologist's Corner-29

ഉച്ചഭാഷിണി ശല്യം

ഇവിടെ ഉച്ചഭാഷിണികള്‍ ഇല്ലേ?- പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. വളരെ ദൂരം യാത്ര ചെയ്തീട്ടും വളരെയേറെ സ്ഥലങ്ങളില്‍ പോയീട്ടും ഉച്ചഭാഷിണികള്‍ മാത്രം കാണുന്നില്ല. ചില വീടുകളില്‍ അവര്‍ ‘മീഡിയ റും’ നിര്മിച്ചീട്ടുണ്ട്. പള്ളികളില്‍ ചെന്നാല്‍ വൈദീകന്‍റെ പ്രസംഗം നന്നായി കേള്‍ക്കാനായീട്ടുള്ള ‘സൌണ്ട് സിസ്റ്റം” കാണാം. തിയേറ്ററുകള്‍ക്ക് മുന്‍പില്‍ ചെന്നാലോ? നാട്ടിന്‍പുറങ്ങളില്‍ പാട്ട് വയ്ക്കുന്നത്പോലെയുള്ള കോലാഹലങ്ങള്‍ ഇല്ല.. ശബ്ദമാലിനീകരണം ഒട്ടുംതന്നെ ഇല്ല.

ഒരു തിരെഞ്ഞെടുപ്പിനോടനുബന്ധിച്ച് നാഷണല്‍ പെര്‍മിറ്റ്‌ ലോറിയില്‍ 60ല്‍ ഏറെ പെട്ടികള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി വച്ചുകെട്ടി പാട്ടും പാടിച്ച് സ്ഥനാര്തിക്കായി വോട്ട് പിടിക്കുന്നു. ഒരു പെട്ടിയില്‍ അഞ്ചും ആറും സൌണ്ട്ബോക്സ്‌കള്‍ വച്ചിരിക്കുന്നു.

ഒരു മതവിഭാഗത്തിന്‍റെ ദൈവാലയത്തില്‍ ഉത്സവത്തോട് അനുബന്ധിച്ച് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഉച്ചഭാഷണികള്‍ വച്ച് രാവിലെ നാല് മണിയോടെ തുടങ്ങുന്ന ശബ്ദകോലാഹലം അവസ്സാനിക്കുന്നതോ? രാത്രിയുള്ള കലാപരിപാടികള്‍ തീരുന്നതോടെ മറ്റൊരു മതവിഭാഗത്തിന്‍റെ ദേവാലയത്തിന് മുകളില്‍ വച്ചിരിക്കുന്ന പെട്ടിയുടെ ഉള്ളില്‍ കോളാബി ഉച്ചഭാഷിണി മറച്ച് വചീട്ട് ഏതാണ്ട് എല്ലാ ദിവസ്സങ്ങളിലും രാവിലെ ഭക്തിഗാനങ്ങള്‍ വച്ച് മനുഷ്യരെ ഉപദ്രവിക്കുന്നു! ഉത്സവപറമ്പിലേക്കും പള്ളിപ്പെരുന്നാളിന് അങ്ങാടിയിലേക്കും പോയാല്‍ ഉച്ചഭാഷിണിയിലൂടെയുള്ള പരസ്യങ്ങള്‍ മുതല്‍ പ്രാര്‍ത്ഥന വരെ കേള്‍ക്കാം.

രാഷ്ട്രിയപാര്‍ടികളുടെ ജില്ലാ- സംസ്ഥാന സമ്മേളനങ്ങളോട് അനുബന്ധിച്ച് റോഡിലുഉടെ മുദ്രാവാക്യം വിളിച്ച് പോകുന്ന അനുയായികളുടെ ബസുകള്‍, വാനുകള്‍, കാറുകള്‍,ജീപ്പുകള്‍, ലോറികള്‍- എല്ലാത്തിലും ഉച്ചഭാഷിണികള്‍ ആവശ്യത്തിലേറെ. ഒരര്‍ത്ഥത്തില്‍ ഉച്ചഭാഷിണികളുടെ മല്‍സര ഓട്ടം!

എന്തിനു? വിവാഹവീടുകളില്‍ നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ ,മരണവീടുകളില്‍ നിന്നുമുള്ള പ്രാര്‍ത്ഥന –പ്രാര്‍ഥനാഗീതങ്ങള്‍, ശവസംസകാരച്ചടങ്ങില്‍ റോഡിലൂടെയുള്ള ഭക്തിഗാന ഒഴുകള്‍, ആന എഴുന്നുള്ളത്തിനും പ്രദക്ഷിണത്തിനുമുള്ള ഉച്ചഭാഷിണികളുടെ ദുരുപയോഗം. പരസ്യങ്ങള്‍ക്ക് വേണ്ടിയുള്ള അന്നൌന്‍സ്മെന്‍റുകള്‍,,വഴിയോരസമ്മേളനങ്ങള്‍ക്ക് മുന്‍പുള്ള ഉച്ചഭാഷിണി പാട്ടുകള്‍- പാരടി ഗാനങ്ങള്‍ ,വഴിയോരസമ്മേളനസമയത്തുള്ള ഗര്ജിക്കല്‍,വഴിയിലുള്ള മതപ്രസംഗങ്ങള്‍,ഓണാഘോഷസമയത്ത് ഇട്ടിരിക്കുന്ന പൂത്തറ പാട്ടുകള്‍, വാഹനത്തില്‍ സ്റ്റേജ് ഉണ്ടാക്കി നടത്തുന്ന രാഷ്ട്രിയവും അല്ലാത്തതുമായ പ്രഭാഷണങ്ങള്‍. എല്ലാം കൂടെ നോക്കുമ്പോള്‍ ‘ലൈറ്റ് ആന്‍ഡ്‌ സൌണ്ട്’ വാടകക്ക്കൊടുക്കുന്നവര്‍ക്കെന്നും പൂക്കാലം; ഉത്സവമേളം!

പണ്ടൊക്കെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന ചില പരിപാടികള്‍ക്കായി അച്ചടിച്ചിരുന്ന നോട്ടീസ്സുകളുടെ അടിയില്‍ ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ് എന്ന പ്രത്യേക അറിയിപ്പ് ഉണ്ടാകുമായിരുന്നു. ആ സ്ഥിതിയില്‍ നിന്നും നാം എത്രയൊ മുന്നോട്ട്പോയി ‘ഉച്ചഭാഷിണി’ ഉണ്ടായിരിക്കുന്നതല്ല എന്ന് അച്ചടിച്ച് നോട്ടീസ് വിതരണം ചെയ്യേണ്ട ഒരുതരം ദുര്‍ഗതി വന്നിരിക്കുന്നൂപോലും! കോടതികള്‍ വരെ വിലക്കിയിട്ടും മാധ്യമങ്ങള്‍ ഒച്ച വച്ചീട്ടും ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും എതിര്ത്തീട്ടും ഓരോ ദിവസം കഴിയുംതോറും ശക്തി കൂടുതല്‍ കൂടുതല്‍ ആര്‍ജിച്ച് മുന്നേറുന്ന ഉച്ചഭാഷിണി ശല്യത്തെ നിയന്ത്രിക്കാന്‍ എന്ത് ചെയ്യണം? നിയമങ്ങള്‍ ഉണ്ടാക്കി ഉച്ചഭാഷിണികള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് ശിക്ഷിപ്പിക്കുക-അതിനുള്ള ഇഛാശക്തി ഉണ്ടായാലേ നമ്മുടെ നാട്ടിലെ ശബ്ദശല്യം കുറയ്ക്കാനാകൂ .

No comments :

Post a Comment