Monday, 28 February 2011

From the Criminologist's Corner-37

From the Criminologist’s Corner-37

കാലിമോഷണത്തില്‍ നിന്നും മൊബൈല്‍ നഗ്നതയിലേക്കോ?

കുഞ്ഞുകുട്ടികള്‍ മുതല്‍ കിഴവി-കിഴവന്മാര്‍ വരെ ഇവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. പലരുടേയും കൈയ്യില്‍ ഇരിക്കുന്നത് iPhone 3G, iPhone 4G യൊക്കെയാണ്. അവകളിലാവുമ്പോള്‍ ഫോട്ടോയും എടുക്കാം. ഒരു ചെറിയ കമ്പ്യൂട്ടര്‍ ചെയ്യുന്ന പലതും ചെയ്യാന്‍ അതിനാവും. Google search നടത്താം, റെക്കോര്‍ഡ്‌ ചെയ്യാം,You Tube കാണാം, ഇമെയില്‍ അയക്കാം. നല്ലകാര്യം. നല്ലതാണല്ലോ ഈ ഫോണ്‍ എന്ന് ചിന്തിച്ച്പോയി.

അങ്ങനെ ഇരിക്കുമ്പോഴാണ് കൊല്ലത്തൊരു വനിതാ ഹോസ്റലില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി എന്നൊരു വാര്‍ത്ത ടി.വി.യില്‍ കണ്ടതും കേട്ടതും. പകര്‍ത്തിയതോ? മറ്റൊരു പെണ്‍കുട്ടി. ആ പെണ്‍കുട്ടി സഹപാഠികളുടെ നഗ്നത കണ്ട് ആസ്വദിക്കാനാണ് അങ്ങനെ ചെയ്തതെന്നും അതല്ല, വയനാട്ടിലുള്ള സ്വന്തം കാമുകന് അയച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തതെന്നും രണ്ട് ഭാഷ്യം.എന്തായാലും ഒരു ടി.വി.ചാനല്‍ മൊബൈല്‍ ഫോണ്‍ വച്ച് കൂട്ടുകാരിയുടെ നഗ്നത അതില്‍ ഒപ്പിയെടുത്ത ആ പെണ്‍ കുട്ടിയെ “പെണ്‍ മൃഗം’ എന്നുവരെ വിളിച്ചു. നോക്കണേ! കന്നുകാലി മോഷണത്തിനു ഒരുകാലത്ത് കുപ്രസിദ്ധി നേടിയിരുന്ന ഒരു സംസ്ഥാനത്ത് ഇന്ന് നടക്കുന്നത് ഐ.ടി. കുറ്റകൃത്യങ്ങള്‍!

അക്കാര്യം ടി.വി.യില്‍ കണ്ട ഉടനെ വരുന്നൂ മറ്റൊരു വാര്‍ത്ത. കോഴിക്കോട്‌ ഒരു ഹോട്ടലിന്‍റെ ടോയ് ലെറ്റില്‍ വച്ച് ഒളിക്യാമറയില്‍ നഗ്നത പകര്‍ത്തിയെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ചെയ്തിരുന്ന കേസിന്‍റെ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു എന്ന്. മൊബൈല്‍ ഫോണിലൂടെ നഗ്നത പകര്‍ത്തി അത് വിറ്റ് പണമാക്കിയിരുന്നവരും അതുകൊണ്ട്കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നവരും അതുപയോഗിച്ച് ലൈംഗീക പീഡനം നടത്തിയിരുന്നവരും അതുകാരണം ആത്മഹത്യ ചെയ്തവരും അതുമൂലം അറസ്റ്റില്‍ ആയവരും അനവധിയാണ്. ഒരുകാലത്ത് മൊബൈല്‍ ഫോണിലൂടെ തെറി സന്ദേശംങ്ങള്‍ അയക്കുന്നുവെന്നും രതിചിത്രങ്ങള്‍ കൈമാറുന്നുണ്ടെന്നും നീലകാണിച് ബിസ്സിനെസ്സ് നടത്തുന്നുവെന്നും ഹോസ്റ്റലുകള്‍ക്കും വനിതാകോളേജുകള്‍ക്കം മുന്‍പില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുക്കുന്നുവെന്നും മറ്റും കാണിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ അവ അവഗണിച്ചതിന്‍റെ ശിക്ഷയെന്നോണം ഇപ്പോള്‍ നഗ്നത പകര്‍ത്താനുള്ള ഒരുതരം ഉപകരണമായി മൊബൈല്‍ ഫോണുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നോര്‍ക്കുക. തീര്‍ന്നില്ല. ആയിരവും ആയിരത്തിഅഞ്ഞൂറും ഉരുപ്പികാക്ക് സുലഭമായി കിട്ടുന്ന മൊബൈല്‍ ഫോണുകള്‍ ദുരുപയോഗിച്ച് കുഞ്ഞുപെണ്‍കുട്ടികളെ വരെ പേടിപ്പിച്ച് വരുതിയില്‍ കൊണ്ടുവരുന്നതായീട്ടാണ് അറിയാന്‍ കഴിയുന്നത്.പെണ്‍കുട്ടികള്‍ തന്നെ അവരുടെ കൂട്ടുകാരികളെ ക്ഷണച്ച്കൊണ്ടുപോയി മയക്ക് മരുന്ന് കലര്‍ത്തിയ പാനീയങ്ങളും ഭക്ഷണവും നല്‍കിയശേഷം ആണ്‍കൂട്ടുകാരോട് ലൈംഗികമായീട്ട് ദുരുപയോഗിച്ചുകൊള്ളാനും നഗ്നത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെടുത്തുകൊള്ളാനും സൌകര്യവും സാഹചര്യവും ശ്രഷ്ടിച്ചുകൊടുക്കുന്ന ഒരു സംസ്കാരം വളര്‍ന്ന്കഴിഞ്ഞിരിക്കുന്നു.

മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന രഹസ്യബന്ധങ്ങള്‍,രതിസംഭാഷണങ്ങള്‍,പ്രേമബന്ധങ്ങള്‍,ഒളിപ്രയോഗങ്ങള്‍ക്കപ്പുറമാണ് ഇത്തരത്തിലുള്ള നഗ്നത പകര്‍ത്തല്‍. അതില്‍ ഉള്‍പ്പെടുന്നവരുടെ പ്രായമോ? പറക്കമുറ്റാത്ത കുട്ടികള്‍ മുതല്‍ കൌമാരക്കാര്‍- മദ്ധ്യവയസ്കര്‍- വ്രദ്ധര്‍ വരെ. ഇരയാവുന്നവരോ? കുഞ്ഞുകുട്ടികള്‍,കുമാരിമാര്‍,ചെറുപ്പക്കാരികള്‍,വീട്ടമ്മമാര്‍, വ്രദ്ധകള്‍വരെ. എന്തായാലും ഐ.ടി.ആക്ടും സൈബര്‍ പോലീസും സൈബര്‍ കുറ്റാന്വേഷണവും തകൃതിയായി നടക്കുമ്പോഴും നഗ്നതാപ്രദര്‍ശനം കൊടുംബിരികൊണ്ടിരിക്കുന്നു. iPhoneന്‍റെ വ്യാപകമായ ദുരുപയോഗം സംസ്ഥാനത്ത് ഉണ്ടായതോടെ കേരളീയ നഗ്നത ലോകത്തിന്‍റെ ഏതുഭാഗത്തെക്കും കയറ്റുമതി ചെയ്യാന്‍ നിമിഷങ്ങള്‍ മതിയാകുമെന്നം ഓര്‍ക്കുക. ജാഗ്രതൈ- ജാഗ്രതൈ!

From the Criminologist's Corner-36

From the Criminologist’s Corner-36

ചുംബനമോ പുഞ്ചിരിയോ?

ചുംബനം സ്നേഹപ്രകടനമാണ്. അതിനെക്കുറിച്ച് ഒത്തിരി ചൊല്ലുകള്‍ തന്നെയുണ്ട്. “ Kissing is a means of getting two people so close together that they can’t see anything wrong with each other”-ശരിയല്ലേ? കാമുകീകാമുകന്മാര്‍ ആയിരുന്നപ്പോഴും ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയപ്പോഴും ചുംബനത്തിലൂടെ സ്നേഹം പ്രകടിപ്പിച്ചിരുന്നവര്‍ വിവാഹമോചനത്തിലൂടെ വേര്‍ പിരിയുമ്പോള്‍ ആരും ചിന്തിച്ച്പോകും ‘ചുംബനങ്ങളില്‍ ചതി ഉണ്ടായിരുന്നോ’ എന്ന്.

എന്‍റെ അമ്മ പറഞ്ഞ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു .വിശുദ്ധ തോമാസ്ലീഹാ വന്നിരുന്നുവെന്ന് കത്തോലികര്‍ വിശ്വസിച്ച്പോരുന്ന മലയാറ്റൂര്‍ മലയില്‍ ഒരിക്കല്‍ ഒരു പെരുന്നാള്‍ ദിനം ശക്തമായൊരു ഇടി വെട്ടി. അതില്‍ കുറെ പേര്‍ മരണപ്പെട്ടു. അങ്ങനെ മരിച്ച്കിടക്കുന്ന ഒരു സ്ത്രിയുടെ ശരീരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ട മറ്റൊരു സ്ത്രി ഓടിച്ചെന്ന് ശവശരീരത്തെ കെട്ടിപ്പിടിച്ച്-ചുംബിച്ച്-മാല പൊട്ടിച്ചെടുത്ത കാര്യം. ശരിയാണ്, ചുബനം ചിലപ്പോള്‍ കളവിനും ഉപയോഗിക്കുന്നു. കഷ്ടം!

നമ്മുടെ കുഞ്ഞുങ്ങളെ ചുംബിക്കുന്നതില്‍ ആരുംതന്നെ തെറ്റ് കാണാറില്ല- പറയാറുമില്ല. എന്നാല്‍ കേട്ടോളൂ. കേരളത്തില്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ബലാല്‍സംഗകേസുകളില്‍ 30-35% വരെ കുഞ്ഞുകുട്ടികളാണ്. അതായത് 16 വയസ്സിനു താഴെ പ്രായമുള്ളവര്‍. അവരെ അങ്ങനെ ചെയ്യുന്നത് സ്വന്തക്കാരും ബന്ധുക്കളും അയല്‍പക്കക്കാരും ആത്മസുഹൃത്തുക്കളും. അത്തരക്കാര്‍ കുഞ്ഞുങ്ങളെ വശത്താക്കാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം ചുബനം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

“Kissing the hands will not wear of the lips”- എന്നൊരു ചൊല്ലും കു‌ടെയുണ്ട്. ആദ്ധ്യാത്മികപിതാക്കന്‍മാരുടെ കൈയിലെ മോതിരം ചുംബിക്കുന്നത് അനുഗ്രഹം കിട്ടാനാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. രാഷ്ട്രനേതാക്കള്‍ തമ്മില്‍ തമ്മില്‍ ചുംബിക്കാറുണ്ട്. ചുംബനം ഒരുതരം സ്നേഹപ്രകടനം എന്നുതന്നെ കരുതിക്കോ.1986ല്‍ ഞാന്‍ ന്യുയോര്‍ക്ക്‌ J.F.കെന്നഡി എയര്‍ പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ എന്‍റെ ഒരു സ്നേഹിതന്‍റെ അമേരിക്കകാരിയായ കാമുകി എന്നെ വന്ന് ചുംബിച്ചു. വളരെ അടുത്ത്-ബന്ധമുള്ളവരെയാണ് അങ്ങനെ അവര്‍ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ എയിഡ്സ് രോഗം ലോകത്ത്‌ വ്യാപകമായതോടെ ചുംബനത്തിന് കുറവ് വന്നീട്ടുണ്ടെന്ന് ഗവേഷണറിപ്പോര്‍ട്ട്‌. എന്നാലും വിശ്വാസികള്‍ തിരുസ്വരുപത്തെ ചുംബിച്ചു അനുഗ്രഹം നേടാറുണ്ട്‌.

ചുംബനം സ്നേഹം പ്രകടിപ്പിക്കാന്‍ പാശ്ചാത്യര്‍ ഉപയോഗിക്കുന്നത്പോലെ മലയാളികള്‍ പൊതുവേ പ്രയോഗിക്കാറില്ല. അവര്‍ സാധാരണ പുഞ്ചിരിക്കാറാണുള്ളത്. അങ്ങനെ പുഞ്ചിരിച്ച് കുഞ്ഞുങ്ങളെ വശത്താക്കി മയക്കുമരുന്ന് കൊടുക്കുന്ന ആന്‍റിമാര്‍ സ്കൂള്‍ പരിസരങ്ങളില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മിഠായിയിലും ലഘുപാനീയങ്ങളിലും ഐസ് ക്രീംമിലുമെല്ലാം മയക്കുമരുന്നിട്ട് പെണ്‍കുട്ടികള്‍ക്ക് കൊടുത്തശേഷം അവരെ വശത്താക്കി അനാശാസൃപ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗിക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. സൂക്ഷിക്കുക.

പുഞ്ചിരിയിലൂടെ ആദ്യം തുടങ്ങി ശരീരഭാഷയിലൂടെ വളര്‍ത്തി വലുതാക്കി പെണ്‍കുട്ടികളെ വശത്താക്കുന്ന കപടകാമുകന്മാര്‍ അവരെ പിന്നീട്‌ ദുരുപയോഗിച്ച് ചവച്ച് തുപ്പികളയുന്നതായി ശ്രദ്ധയില്‍ പെട്ടീട്ടുണ്ട്. സൂക്ഷിക്കുക. ജോലി ലഭിക്കാനായി വീട് വിട്ടെറങ്ങിപ്പോകുന്ന ചില പെണ്‍കുട്ടികളും വലയിലാകുന്നത് പുഞ്ചിരിയിലൂടെയാണെന്നും ഓര്‍ക്കുക. പൂവാലന്മാരെ വലയിലാക്കുന്നതും പുഞ്ചിരി തന്നെ. വേശൃാവൃത്തിക്കായി പുന്ചിരിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവരെ വിദേശരാജ്യങ്ങളിലും കാണാനൊക്കും. പുഞ്ചിരി പിന്നീട് പറ്റിപ്പ്ചിരിയായി മാറുന്നു. കടകളില്‍ വ്യാജനും ഡൂപ്ലിക്കേറ്റും വില്‍ക്കാന്‍ പുഞ്ചിരിക്ക് ആകും.സംശയം വേണ്ട. അതിനെ ചിലര്‍ ‘Salesmanship’എന്ന് പറയുന്നുണ്ടെങ്കിലും പലതിന്‍റേയും പിന്നില്‍ ‘തട്ടിപ്പ്’ ഉണ്ടെന്ന് കാണാന്‍ കഴിയും. പുഞ്ചിരിക്കുന്നത് ‘Sales-girls’ആണെങ്കില്‍ ആ തട്ടിപ്പിന് ഊഷ്മളത കുടും. Door to Door Saleന് വരുന്നവരും കാണിക്കുന്നത് അതുതന്നെ.

എന്തിനാണ് ഇങ്ങനെ ചുംബനത്തെപറ്റിയും പുഞ്ചിരിയെപറ്റിയും ഇത്രയൊക്കെ എഴുതുന്നതെന്ന് ചിന്തിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അറിയുക. അമേരിക്കയില്‍ പരസ്യമായി ചുംബിക്കുന്നത് ഇപ്പോഴും നമുക്ക് കാണാനാവും. നല്ലതാണെങ്കില്‍ നല്ലത് തന്നെ. അമേരിക്കകാരോളം ഇല്ലെങ്കിലും ചുംബനം മലയാളികള്‍ക്കി ടയിലും നമുക്കിവിടെ കാണാനോക്കും. അത് സ്നേഹപ്രകടനമായീട്ടാണ് കണക്കാക്കപെടുന്നത്. പക്ഷെ, ചുംബനത്തെ- പുഞ്ചിരിയെ തട്ടിപ്പ്‌ ആക്കി മാറ്റുന്ന രീതികളെ സൂക്ഷിക്കുക; ചെറുക്കുക. വഞ്ചിതരാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

Saturday, 26 February 2011

From the Criminologist's Corner-35

From the Criminologist’s Corner-35

റോഡില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

അര്‍കന്‍സായിലെ കുരുവികള്‍ അതിശൈത്യത്തെ അവഗണിച്ച്കൊണ്ട് ഐസില്‍ വന്നിരുന്ന് എന്തോ കൊത്തികൊണ്ടിരിക്കുന്നു. ചിലര്‍ പറയുന്നൂ മഞ്ഞ്കാലം തീര്‍ന്നു എന്ന്. വസന്ത കാലം വരവായി എന്നത്തിന്‍റെ ലക്ഷണമാണത് എന്ന്. മഞ്ഞ് ഉറഞ്ഞ് ഐസ് ആയ റോഡിലൂടെ നടന്നാല്‍ കാല്‍ വഴുതി വീഴുമേന്നതിനാല്‍ ആളുകള്‍ അത്തരം സാഹസത്തിന് മുതിരാറില്ല. വാഹനങ്ങല്ള്‍ 10-20 മൈല്‍ വേഗത്തിലേ ഓടിക്കാന്‍ പറ്റൂ. ഉപ്പും മറ്റും ഇട്ട് ഐസ് മാറ്റിയ റോഡുകളിലൂടെ കുറേക്കൂടി വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കവുന്നതാണ്.

റോഡിലെ അപകടങ്ങള്‍! അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ റോഡുകളില്‍ ഐസ് ഉറച്ച്കിടക്കുന്നില്ല. എന്നിരുന്നാലും പലവിധ അപകടങ്ങള്‍ പതിയിരിക്കുന്നു. ആലപ്പുഴയില്‍ ബസ് കാത്തുനിന്ന ചാക്കോയെ വകവരുത്തിയ സുകുമാരകുറുപ്പിനെ നാളിതുവരെ പിടികൂടാന്‍ കഴിഞ്ഞീട്ടില്ല എന്നതൊരു പഴയ കഥ.. മറന്നേക്കുക.

കേരളത്തിലെ റോഡുകളില്‍ ഒരു ദിനം പത്ത് പേര്‍ ചതഞ്ഞ്അരഞ്ഞ് ചാകുന്നൂവെന്നാണ് സ്ഥിതിവിവരകണക്കുകള്‍ കാണിക്കുന്നത്.സ്കൂളില്‍ പോകുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ വരെ റോഡില്‍ സുരക്ഷിതരല്ല. ഈയിടെ കരിക്കകത്ത് ഉണ്ടായ നേഴ്സറികുട്ടികളുടെ കൂട്ടമാരണം ആ പരമ്പരയിലെ അവസാനത്തേ തും.

ബസ്‌കാത്തുനില്‍ക്കുന്നവരെ ഇടിച്ച് വീഴ്ത്ത്തുന്ന – ബസില്‍ കയറാന്‍ പോകുന്നവരെ ഇടിച്ച് തെറിപ്പിക്കുന്ന- ബസില്‍ നിന്നും ഇറങ്ങുന്നവരെ തള്ളിയിട്ട് ബസിന്‍റെ പുറകു ചക്രം കയറി മരണപ്പെടുന്ന- ബസ്‌ പുറകോട്ട് എടുക്കുമ്പോള്‍ വണ്ടി കയറുന്ന എത്രയോ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു!

ഒരു വര്ഷം 50000ത്തോളം ആളുകളെ വികലാംഗരാക്കുന്ന നമ്മുടെ റോഡുകളില്‍ എന്ത് സുരക്ഷിതത്വം? നമ്മുടെ നാട്ടില്‍ റോഡ്‌ ദൈര്‍ഘ്യം കുറ വാനെന്നുകൂടി ഓര്‍ക്കുക.

കുറെ നാളുകള്‍ക്ക്‌ മുന്‍പ് വാടകക്ക് വിളിക്കുന്ന കാറുകളിലെ ഡ്രൈവര്‍മാരെ കഴുത്തില്‍ തുണിയിട്ട് കെട്ടിമുറുക്കി വലിച്ച് കൊന്നശേഷം കൊക്കയില്‍ തള്ളിയിരുന്ന ഒരു അവസ്ഥാവിശേഷം നിലനിന്നിരുന്നു. അതിലുപരി ആസൂത്രിത കൊലപാതകം നടത്താനായി വാഹനാപകടങ്ങളെ ആശ്രയിച്ച പലസംഭവങ്ങളും നമുക്കറിയാം.അങ്ങനെ ചെയ്യുന്നത് പണമിടപാട്കാരായാലും റിസോര്‍ട്ട് നിര്‍മാതാക്കളായാലും റോഡ്‌ സുരക്ഷയെ ബാധിക്കുന്നു. ഗുണ്ടകളുടെ വിളയാട്ടം റോഡുകളില്‍ സഹിക്കാന്‍ പറ്റുന്നതിലും ഏറെയാണ്.അമിത വേഗവും മദ്യപാനവും കണക്കില്‍ പെടുത്തിയാല്‍?ബോധംകെട്ടു മനുഷ്യര്‍ താഴെ വീഴും.

രാത്രികാലങ്ങളില്‍ വണ്ടി തടഞ്ഞ്‌നിര്‍ത്തി കൊള്ളയടിച്ച സംഭവങ്ങള്‍ അനേകം! നിയമപാലകര്‍ കൈക്കൂലി വാങ്ങാന്‍ കണ്ടെത്തുന്ന ഒരു സ്ഥലം റോഡുകള്‍ തന്നെ. ചെത്തുവീരന്‍മാരുടെ സാഹസ്സങ്ങളും റോമാന്‍സ് താരങ്ങളുടെ രതിപ്രകടങ്ങളും അപകടത്തെ ക്ഷണിച്ച് വരുത്തുന്നു.

ഐസ് റോഡില്‍ ഇല്ലെങ്കിലും കൊക്കയിലേക്ക് വാഹനം മറിയാനുള്ള എത്രയോ സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടില്‍? വഴിയിലെ കുഴികള്‍ മറന്നാലും വണ്ടിയുടെ ആക്സില്‍ ഒടിക്കുന്ന തരത്തിലുള്ള വെള്ളക്കെട്ടുകള്‍ അപകടകാരികള്‍ ആണ്. വള്ളവും വഞ്ചിയും കൊണ്ടുവന്ന് റോഡില്‍ യാത്രക്കായി ഉപയോഗിക്കുക, ശയന പ്രദക്ഷിണം നടത്തുക, വാഴയും വ്രക്ഷതൈകളും കൊണ്ടുവന്ന് നടുക, കരിങ്കല്ല് ഉരുട്ടികൊണ്ട് വന്ന് റോഡില്‍ കൊണ്ടിടുക- ഇവയെല്ലാം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന് ചിലര്‍ കരുതുന്നു. എന്തായാലും അപകടങ്ങളെ കുറക്കാന്‍ അവക്ക് കഴിയും. സംശയം വേണ്ട.റോഡില്‍ കുഴിയടച്ച് ചരിത്രം ശ്രഷ്ടിച്ച ചരിത്രവും നമുക്കുണ്ട്.

ജപ്പാന്‍ കുടിവെള്ള ചാനലുകളും മണ്ണിടലും കുഴികുത്തിയിടലും വൈദൃുതി വകുപ്പ് ഉണ്ടാക്കുന്ന റോഡ്‌ വെട്ടിപോളിക്കലും അപകടകാരികള്‍ തന്നെ. ഒരുതത്തിലുള്ള റോഡ്‌ സൈന്‍സ്,സിഗ്നല്‍സ്,റോഡ് വരകള്‍ ഇല്ല. ജഡ്ജിമാര്‍ വരെ നടുറോഡില്‍ ഇറങ്ങി വഴക്കടിച്ച സംഭവങ്ങള്‍ ഉണ്ടായീട്ടുണ്ട്.

ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ ഉന്തിയിട്ട് ലൈംഗീകപീഡനത്തിന് ഇരയാക്കിയത് വ്യാപകമായ പ്രതിക്ഷേധത്തിന് ഇടയാക്കിയത് ഈ അടുത്ത കാലത്താണ്. പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകുന്ന പെണ്‍വാണിഭക്കാരും കാമവെറിയന്മാരും അവരെ സഹായിക്കുന്ന പെണ്‍മ്രഗങ്ങളും അപകടകാരികള്‍ തന്നെ. അവരും നില്‍ക്കുന്നത് റോഡിലും റോഡ്‌ അരികിലും ആണെന്ന് അറിയുക.

കുരുവികള്‍ താഴേക്കിറങ്ങിയാല്‍ വസന്തം വരാറായി എന്ന് കരുതിയിരിക്കുന്ന അര്‍കന്‍സാ നിവസ്സികളെപോലെ മലയാള നാട്ടില്‍ കുരുവികള്‍ ഇറങ്ങിയാല്‍ റോഡ്‌ സുരക്ഷ ഉറപ്പാക്കാനാവുമെന്ന് മലയാളികള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ, ആ കുരുവികള്‍ എന്നെത്തും? അതാണ്‌ ആര്‍ക്കും അറിയാന്‍ വയ്യാത്തത്.

Friday, 25 February 2011

From the Criminologist's Corner-34

From the Criminologist’s Corner-34

അര്‍ക്കന്‍സായിലെ പ്രാവുകളും നമ്മുടെ നാട്ടിലെ പ്രതിരോധമാര്‍ഗങ്ങളും

അതിശൈത്യത്തില്‍ ആഹ്ലാദിച്ചുല്ലസിച്ച് പറന്ന് പറന്ന് പോയിരുന്ന കുഞ്ഞികുരുവികളെ ഞാന്‍ നേരത്തെ കണ്ടിരുന്നു. ഇന്ന് ശൈത്യം വളരെ കു‌ടി. ഏതാ ണ്ട് ഒന്നര അടിയിലേറെ ഐസ്. എവിടേയും തണുത്ത കാറ്റ്. കാറ്റെന്ന് പറഞ്ഞാല്‍, നമ്മുടെ അസ്ഥി തുളച്ചുകയറുന്ന മാതിരിയുള്ള കാറ്റ്.ചന്ദ്രനില്‍ പോകാനായി വസ്ത്രധാരണം ചെയ്യുന്നത്പോലെ ഷൂസും കൈയുറകളും തൊപ്പിയും മുഖം മൂടിയുമെല്ലാം വച്ചാലും തണുത്ത കാറ്റ് നാം കാണാത്ത ഏതോ പഴുതിലൂടെ അകത്ത്‌ കയറിയിട്ട് ശരീരത്തെ “കോച്ചുന്ന” വിധത്തിലാക്കി മാറ്റുന്നു. കാറിന്‍റെ ചില്ലില്‍ പറ്റിപിടിചിരിക്കുന്ന ഐസ് മാറ്റാനുള്ള എന്‍റെ ശ്രമം അഞ്ച്‌ മിനിട്ട് നീണ്ട്നിന്നില്ല, കൈവി\രലുകള്‍ അനക്കാനാവാത്തവിധം മരവിച്ച് പോയി-കൈയുറകള്‍ ഇട്ടിരുന്നെങ്കിലും! -21ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു അന്തരീക്ഷതാപം. അതിനിടയില്‍, ആകാശത്തിലേക്ക് ഞാനൊന്നു നോക്കി. അപ്പോള്‍ കുറച്ച് ദിവസ്സം മുന്‍പ് ഞാന്‍ കണ്ട കുരുവികളുടെ സ്ഥാനത്ത്‌ പ്രാവ് കണക്കെ കുറെ പക്ഷികള്‍ പറന്ന് പറന്ന് പോകുന്നു. അതൊരു കാഴ്ച തന്നെ ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും ജീവിക്കാന്‍ പ്രകൃതി നല്‍കിയ പ്രത്യേക ശക്തി.

പ്രാവിന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക്‌ അത് കാണിച്ചു തരുന്ന പാഠം എന്താണ്? മലയാളികള്‍ക്ക് ഏതാണ്ട് എല്ലാത്തിനേയും അതിജീവിക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ട് എന്ന് കരുതുന്നവര്‍ ധാരാളം ഉണ്ട്. വഴിയില്‍ ഒരു വാഹനാപകടം ഉണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ അങ്ങനെ ഒരു അപകടം കണ്ടില്ല എന്ന വിധത്തില്‍ സ്ഥലം വിടുന്നു; അപകടത്തില്‍പെട്ടവര്‍ ചോരയോലിപ്പിച്ച് കിടന്നാല്‍ അത് കണ്ടില്ല എന്ന രൂപത്തില്‍ ഓടി രക്ഷപെടുന്നു.

തൊഴിലില്ലായ്മയെ അതിജീവിക്കാന്‍ തൊഴില്‍ തട്ടിപ്പ്‌ നടത്തുന്നു; തൊഴില്‍ കൊടുക്കാമെന്നും തൊഴിലിനു വിദേശത്ത് കൊണ്ടുപോകാമെന്നും അന്യസംസ്ഥാനങ്ങളില്‍ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് വ്യാമോഹിപ്പിച്ചും തൊഴിലനേൃഷകരെ പറ്റിക്കുന്ന/ തട്ടിക്കുന്ന എത്രയോ വ്യക്തികളും സ്ഥാപനങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന് ആര്‍ക്കറിയാം?

പണ്ടം പണയം നടത്തിയും ബ്ലെയ്ഡ് നിക്ഷേപം വാങ്ങിച്ചും ലക്ഷം/കോടി കണക്കിന് ഉരുപിക തട്ടിച്ച് മുങ്ങുന്നവര്‍ അനേകം. അതിനെ അതിജീവിക്കാന്‍ മലയാളികള്‍ ഒച്ച വക്കുന്നു. അധികം കഴിയാതെ അവരുടെ മനോദുഖത്തെ അതിജീവിക്കാനുള്ള ശക്തി അവര്‍ ആര്‍ജിക്കുന്നു.

മദ്യപാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം ആണ് കേരളം. മദ്യം കഴിച്ച് അതിജീവിക്കാം പലതിനേയും.

ഏത് പ്രശ്നത്തെ അതിജീവിക്കാനും മലയാളിക്കൊരു ആയുധം ഉണ്ട്. സമരങ്ങള്‍! തൊഴില്‍ സമരം, വിദ്യാര്‍ഥി സമരം, ട്രാക്ടര്‍ക്ക് എതിരെ സമരം, കമ്പ്യൂട്ടര്‍ക്ക് എതിരെ സമരം; പ്ലസ്‌ ടു കൊഴ്സിനെതിരെ സമരം; സ്വാശ്രയ കോളെജ്കള്‍ക്കെതിരെ സമരം.; തൊഴിലില്ലായ്മക്കെതിരെ സമരം; വേതനവരധനവിനായി സമരം; ഡോക്ടര്‍മാരുടെ സമരം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം; വികലാംഗരുടെ സമരം; നേഴ്സുമാരുടെ സമരം.....അങ്ങനെ നാം സെക്രട്ടേറിയറ്റിന്‍റെ മുന്‍പില്‍ ചെന്ന് ഒരു മാസം സമരങ്ങള്‍ ചെയ്യാന്‍ എത്തുന്നവരുടെ കണക്കെടുത്താല്‍ കണ്ണ് തള്ളിപ്പോകും. നമ്മുടെ നാട് ഒരു “സമര നാട്” ആയി മാറിയിരിക്കുകയാണ്. സമരം വിജയിപ്പിക്കാനായി നശിപ്പിക്കപ്പെടുന്നവയുടെ കണക്ക് വേറെ. എന്തിനധികം? ജീവിത പ്രശ്നങ്ങളെ അതിജീവിക്കാനായി വ്യക്തിപരമായും കുടുബം മുഴുവനായും ക്‌ുട്ടത്തോടെയും ആത്മഹത്യാചെയ്യുന്നവരുടെ എണ്ണം രാജ്യത്തുതന്നെ ഏറ്റവും അധികം കേരളത്തിലാണ്.

പ്രകൃതി അനുഗ്രഹിച്ച മാവേലിനാട്ടില്‍ പ്രകൃതിയുടെ ആക്രമണത്തെ പ്രതിരോധിക്കേണ്ട സാഹചര്യം മലയാളികള്‍ക്കില്ല. അതുകൊണ്ടായിരിക്കാം നാം നമ്മുടെതായ ചില പ്രതിരോധമാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച സമരങ്ങളെപോലെ തന്നെ ശകതമാണ് നമ്മുടെ നാട്ടിലെ അട്ടിമറി,നോക്കുക്‌ുലി, കോലംകത്തിക്കല്‍, പിരിവ്,ഗുണ്ടായിസം എന്നിവ. അവയും മലയാളികളുടെ പ്രതിരോധ ശക്തികള്‍ തന്നെ..ജോലിയും വേലയും ചെയ്യാന്‍ മനസ്സില്ലത്തവര്‍ കണ്ടെത്തിയിരിക്കുന്ന അത്തരം പ്രതിരോധ മാര്‍ഗങ്ങളെ നിരുല്‍സാഹപ്പെടുത്തേണ്ടതാണ്.ഇന്ത്യയില്‍ തന്നെ ദുബായ് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ വേതന ഘടന ആരേയും അതിശയിപ്പിക്കും വിധത്തിലുള്ളതാണ്. അവിടെ ജോലി ചെയ്യാതെ അന്യ രാജ്യങ്ങളില്‍ പോയി അഹോരാത്രം പണിയെടുക്കുന്ന മലയാളികള്‍ എന്തുകൊണ്ട് അവരുടെ കഴിവും ശക്തിയും ബുദ്ധിയും നമ്മുടെ സംസ്ഥാനത്തിന് വേണ്ടി വിനിയോഗിക്കുന്നില്ല? അതുകൊണ്ടായിരിക്കാം മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ നമ്മുടെ നാട്ടിലേക്ക് ഓടിയെത്തുന്നത്‌. അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ഇപ്പോള്‍ നമ്മളില്‍ പലരും.കഷ്ടം!

From the Criminologist's Corner-33

From the Criminologist’s Corner-33

ഇളം തലമുറ

ഒരു മാളില്‍(Mall) കുഞ്ഞുങ്ങളുടെ വിഭാഗത്തില്‍ ചെന്നാല്‍ കണ്ണ് തള്ളിപ്പോകും. ഇത്രമാത്രം സാധനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആവശ്യമുണ്ടോ എന്ന് ചിന്തിച്ച്പോകും.കുഞ്ഞുങ്ങളുടെ ഓരോ നിമിഷത്തെ വളര്‍ച്ച കണ്ട് അത് മനസ്സിലാക്കി കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാകുവാനായീട്ടുള്ള രീതിയില്‍ ഭാവനയുടെയും യഥാര്‍ത്ഥൃത്തിന്‍റേയും പിന്‍ബലത്തോടെ നിര്‍മിച്ചിരിക്കുന്ന സാധനസാമഗ്രികളുടെ പേരുകള്‍ ഇവിടെ കുറിക്കുന്നില്ല. അവ കാണുമ്പോള്‍ കുഞ്ഞുങ്ങള്‍ നമുക്ക് വേണമെന്ന് തോന്നിപ്പോകും. അജാത ശിശുക്കളെ ഗര്‍ഭസ്ഥാവസ്ഥയില്‍വച്ച് കൊന്നുകളയാന്‍ എങ്ങനെ മനുഷ്യര്‍ക്കാകും? നമ്മുടെ നാട്ടില്‍ അങ്ങനെ ചെയ്യുന്നുവെന്നും പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ചെയ്തിരിക്കുമെന്നും കേള്‍ക്കുംബോള്‍ മനസ്സിന് വിഷമം തോന്നുന്നു. തമിഴ്‌നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളുടെ വായില്‍ വിഷപ്പാല്‍ ഒഴിച്ചും നെന്മണികള്‍ വാരിയിട്ടും അവരെ വകവരുത്തുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. കുഞ്ഞുങ്ങള്‍ ജനിച്ച ഉടനെതന്നെ അവരെ വില്‍ക്കുന്ന അമ്മമാര്‍, കൊന്നശേഷം കുഴിച്ചിടുന്നവര്‍, ഉപേക്ഷിച്ച് പോകുന്നവര്‍, അമ്മ തൊട്ടിലില്‍ ആക്കുന്നവര്‍, അനാഥാലയത്തില്‍ കൊടുക്കുന്നവര്‍- അത്തരക്കാരുടെ ചെയ്തികളെക്കുറിച്ച് മാധ്യമങ്ങള്‍ പലപ്പോഴും വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. ഒരല്പം പ്രായമായാല്‍ മുഖം വികൃതമാക്കിയും അംഗവൈകല്യം വരുത്തിയും ഭിക്ഷാടനത്തിനു കൊണ്ടുപോകുന്നവര്‍,ഭിക്ഷാടനത്തിനായി കുഞ്ഞുങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോകുന്നവര്‍,പണിസ്ഥലത്ത് കുഞ്ഞുങ്ങളെ കേട്ടിയിടുന്നവര്‍, ഭിക്ഷ യാചിക്കാനായി പറഞ്ഞയക്കുന്നവര്‍- എന്തിനു? കുഞ്ഞുങ്ങള്‍ കൊണ്ടുവരുന്ന വരുമാനത്തില്‍നിന്നും മദ്യം കഴിച്ച് കഴിയുന്നവര്‍, വരുമാനം കുറഞ്ഞാല്‍ കുഞ്ഞുങ്ങളെ അടിച്ച് പീഡപ്പിക്കുന്നവര്‍!

കുഞ്ഞുങ്ങള്‍ക്കുള്ള പാവകളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന ഭാഗത്ത് ചെന്നാല്‍ അവിടെ ഓരോ പ്രായത്തിലും കുഞ്ഞുങ്ങള്‍ എങ്ങനെ കളിക്കണം, എന്തുകൊണ്ട് കളിക്കണം എന്നത് ഗവേഷണബുദ്ധ്യാ പഠിച്ച് അവയുണ്ടാക്കി വില്‍ക്കാന്‍ വച്ചിരിക്കുന്നത് കാണേണ്ടത് തന്നെ. കുഞ്ഞുങ്ങളുടെ വളര്‍ച്ച ലക്ഷ്യമാക്കിയും വ്യക്തിത്വവികസനം കണക്ക് ക്‌ുട്ടിയും ഉണ്ടാക്കിയിരിക്കുന്ന സാധനങ്ങള്‍ കാണുമ്പോള്‍ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ ചെയ്യുന്ന ബാലവേലയെക്കുറിച്ച് ഓര്‍ത്തുപോകും. വേണ്ടത്ര വേതനം പോലും കൊടുക്കാതെ ദീര്‍ഘനേരം കുഞ്ഞുങ്ങള്‍ക്ക്‌ എന്ത് വ്യകതിത്വവികസനം? ചായക്കടയിലും ഇഷ്ടിക കളത്തിലും തീപ്പെട്ടി നിര്‍മാണ ശാലകളിലും വര്‍ക്ക്ഷോപ്പുകളിലും നില്‍ക്കുന്നവരെ ക്‌ുടാതെ വീട്ടുവേലക്കും അടുക്കളപണിക്കുംനില്‍ക്കുന്ന പിഞ്ചോമനകളെകുറിച്ചാരും അധികം ചിന്തിക്കാറില്ല. വീട്ടുപണിക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളെ ലൈംഗീകമായും മറ്റു പലതരത്തിലും പീഡിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീകൊണ്ട് കുത്തിയും വടികൊണ്ട് അടിച്ചും ഇരുമ്പ് ദണ്ഡു പഴുപ്പിച്ച് വച്ചും പീഡിപ്പിച്ച കഥകളും കേട്ടിരിക്കുന്നു.

കുഞ്ഞുങ്ങള്‍ വായിക്കാന്‍- വായിച്ച് വളരാന്‍വേണ്ടിയുള്ള പുസ്തകശാലകള്‍,ലൈബ്രറികള്‍ കാണേണ്ടത് തന്നെ. ഏതെല്ലാം തരം പുസ്തകങ്ങള്‍! എന്തെല്ലാം തരം സി.ഡി.കള്‍! ഇവയെല്ലാം കാണുമ്പോള്‍ പഠിക്കാനാവാത്ത പരശതം കുഞ്ഞുകുട്ടികളെ പറ്റി ഞാന്‍ ചിന്തിച്ചുപോയി. ആദിവാസി മേഖലയില്‍ മാത്രമല്ല അഭ്യസ്തവിദ്യര്‍ താമസിക്കുന്നിടത്തും അങ്ങനെയായാലോ?പഠിച്ചില്ലെങ്കിലും വേണ്ടില്ല,ശതമാനം വച്ചുള്ള പാസാക്കല്‍, പത്താം ക്ലാസില്‍ പഠിച്ചാലും പേരെഴുതാന്‍ അറിയാത്ത കുഞ്ഞുങ്ങള്‍, സമരങ്ങളില്‍ വീരന്മാര്‍, വിദ്യാഭ്യാസ മേഖല സ്തംഭിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍! എങ്ങനെയെങ്കിലും പഠിച്ച് കോളേജില്‍ എത്തിയാല്‍? റാഗിങ്ങ് മന്നന്‍മാര്‍! കത്തി, കഠാര, സൈക്കിള്‍ ചെയില്‍, നാടന്‍ ബോംബ്‌,ഏറുപടക്കം,ക്രിക്കറ്റ് ബാറ്റ് തുടങ്ങിയവ കൊണ്ട് കോളേജില്‍ പോകുന്നവര്‍, ‘ലജ്ജാവതി’യെ പാടി പാടി നടക്കുന്നവര്‍, മദ്യം കഴിക്കുന്നവര്‍,മയക്കുമരുന്നിനടിമകള്‍,പീരീഡുകള്‍ കട്ട് ചെയ്യുന്നവര്‍, പ്രേമിച്ച് നടക്കുന്നവര്‍! ഇവരെല്ലാം എവിടേക്ക് പോകുന്നു?

വസ്ത്രങ്ങളുടെ വിഭാഗമാണ് കാണേണ്ടത്. ഏതെല്ലാം തരത്തില്‍? വിധത്തില്‍? അവയുടെ പല രൂപങ്ങളും നമ്മുടെ നാട്ടിലും എത്തുന്നുണ്ട്. ടെലിവിഷന്‍ സ്ക്രീനില്‍ നോക്കിയാല്‍,സിനിമ-സീരിയല്‍ കണ്ടാല്‍,സിനിമാറ്റിക് ഡാന്‍സ് കണ്ടാല്‍ നമ്മുടെ സംസ്കാരം എങ്ങനെ അക്കാര്യത്തില്‍ പാശ്ചാത്യവല്കരിക്കപെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം. പാശ്ചാത്യരുടെ നല്ല വശങ്ങളെ ശരിയായ രീതിയില്‍ കാണാതെയും ഉള്‍കൊള്ളാതേയും, എന്നാല്‍ തെറ്റായ രീതിയില്‍ കണ്ടും ഉള്‍ക്കൊണ്ടും മുന്നോട്ട് പോകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍, കുട്ടികള്‍ -ഇളം തലമുറ- സമൂഹം,സംസ്കാരം എവിടെ ചെന്നെത്തിയടിച്ച് നില്‍ക്കുമെന്ന് ഉറക്കെ ചിന്തിക്കുക- പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുക.